വികെഎൻ ഓർമകളിൽ വടക്കേ കൂട്ടാലമുറ്റം
1508674
Sunday, January 26, 2025 7:43 AM IST
തിരുവില്വാമല: സാഹിത്യലോകത്തെ നിറസാന്നിധ്യമായിരുന്ന വലിയ ചിരിയുടെ ഓർമകൾ പങ്കിടാൻ വീട്ടുകാരും നാട്ടുകാരും വികെഎൻ ആരാധകരും വടക്കേ കൂട്ടാലമുറ്റത്ത് ഒത്തുകൂടി. വികെഎൻ എന്ന കഥാകാരനും കഥകളും അനുസ്മരണചടങ്ങിൽ പങ്കെടുത്തവരുടെ ഓർമകളിൽ എത്തിയപ്പോൾ വടക്കേ കൂട്ടാലമുറ്റം സജീവമായി.
വികെഎന്നിന്റെ 21-ാം ഓര്‍മദിനമാണ് കേരള സാഹിത്യ അക്കാദമിയുടെയും വികെഎന്‍ സ്മാരക സമിതിയുടെയും തിരുവില്വാമല പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് വികെഎന്‍ അനുസ്മരണം സംഘടിപ്പിച്ചത്.
വസതിയില്‍ വികെഎന്നിന്റെ ഛായാചിത്രത്തിനുമുന്നില്‍ മകള്‍ രഞ്ജന കൃഷ്ണകുമാര്‍ ഭദ്രദീപം കൊളുത്തി പുഷ്പാര്‍ച്ചന നടത്തിയതിയതിനുശേഷം അനുസ്മരണയോഗം ആരംഭിച്ചു.
കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ സ്വാഗതം ആശംസിച്ചു. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പദ്മജ അധ്യക്ഷയായി. ഇ.പി. രാജഗോപാലൻ അനുസ്മരണപ്രഭാഷണം നടത്തി. ദീപ എസ്. നായർ, സിന്ധു സുരേഷ്, കെ. ബാലകൃഷ്ണന്, കെ.ആര്. മനോജ്കുമാര്‍, വി.കെ.കെ. രമേഷ്, കെ.പി. ഉമാശങ്കര്‍, എന്‍. രാംകുമാര്‍, രമ ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
സ്കൂൾവിദ്യാർഥികൾക്കു നടത്തിയ കഥാരചനാമത്സരത്തിൽ വിജയിച്ചവർക്കു വികെഎൻ കുടുംബം ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്തു. വികെഎന്നിന്റെ ഇഷ്ടഭക്ഷണമായ ഇഡലിയും ചായയും കഴിച്ചാണ് അനുസ്മരണചടങ്ങിനെത്തിയവർ പിരിഞ്ഞത്.