എംജി റോഡ് വികസനം ഫെബ്രുവരി അവസാനവാരം തുടങ്ങും: മേയർ
1508668
Sunday, January 26, 2025 7:43 AM IST
തൃശൂർ: എംജി റോഡ് വികസനത്തിൽ ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങളിൽ അർഥമില്ലെന്നു മേയർ എം.കെ. വർഗീസ്. ഒരു പദ്ധതി നടപ്പാക്കാൻ സമയം ആവശ്യമാണ്. അതിനാലാണ് വികസനം നീണ്ടുപോകാൻ ഇടയായത്. എന്നാൽ നിലവിൽ അവയെല്ലാം ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനവാരം നിർമാണം തുടങ്ങിവയ്ക്കാൻ കഴിയുമെന്നും മേയർ ഉറപ്പുനൽകി.
കെഎസ്ആർടിസി ബസിടിച്ച് തകർന്ന ശക്തന്റെ പ്രതിമ നിർമാണം കഴിഞ്ഞെങ്കിലും അനാച്ഛാദനം ചെയ്യാത്ത സംഭവത്തിലും മേയർ വിശദീകരണം നൽകി. കെഎസ്ആർടിസിയാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. അതിനാൽതന്നെ അതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അതിനാലാണ് വിഷയത്തിൽ കൃത്യമായ മറുപടി പറയാൻ കഴിയാതെ പോകുന്നത്. എങ്കിലും ഫെബ്രുവരി ഒന്നിനുതന്നെ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കൂർക്കഞ്ചേരി - കുറുപ്പം റോഡ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും. നിലവിൽ റോഡ് നിർമാണത്തെച്ചൊല്ലി ഉയരുന്ന വിവാദങ്ങളിൽ കഴന്പില്ല. ഓരോ ഘട്ടത്തിലും വിജിലൻസ് പരിശോധനകൾ നടത്തിയാണ് നിർമാണം നടത്തുന്നത്. നിലവിൽ തുറന്നുകൊടുത്ത മെട്രോ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡ് മിനുസപ്പെടുത്താനും വശങ്ങളിൽ കാനകൾ അടക്കമുള്ള നിർമാണങ്ങൾ പൂർത്തീകരിക്കാനുമുണ്ട്.
ഗതാഗതനിയന്ത്രണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നും കൃത്യമായി ഒരു അറിയിപ്പ് കിട്ടിയാൽ ഉടൻ കുറുപ്പം റോഡും നിർമാണത്തിനായി പൊളിച്ചുതുടങ്ങും. എന്നാൽ, എടുത്തുചാടി നിയന്ത്രണം ഏർപ്പെടുത്താൻ അവർക്കു കഴിയാത്തതിനാലാണ് റോഡ് പൊളിക്കാത്തതെന്നും മേയർ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്സണ് എന്നിവർ പങ്കെടുത്തു.