സ്ട്രോംഗ് സിറ്റി ആകാൻ ഒരുങ്ങി ശക്തന്റെ തട്ടകം
1508675
Sunday, January 26, 2025 7:43 AM IST
തൃശൂർ: പൂരനഗരിയെന്നും ശക്തന്റെ തട്ടകമെന്നുമെല്ലാം പേരും പെരുമയുമുള്ള തൃശൂർ കോർപറേഷന് "സ്ട്രോംഗ് സിറ്റി'യെന്ന പുതിയൊരു പദവികൂടി നേടാൻ അവസരമൊരുങ്ങി.
കൊളംബോയിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്ട്രോംഗ് സിറ്റി അഥവാ ശക്തമായ നഗരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ അന്താരാഷ്ട്രസമ്മേളനത്തിൽ തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് പങ്കെടുത്തിരുന്നു. തൃശൂർ കോർപറേഷൻ കൈവരിച്ച വിവിധങ്ങളായ നേട്ടങ്ങളെക്കുറിച്ച് അവതരണവും നടത്തി.
ഒരു നഗരം എത്രമാത്രം കരുത്തുള്ളതാണെന്ന്, വിവിധ കാര്യങ്ങളിൽ ആ നഗരം കൈവരിച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് സ്ട്രോംഗ് സിറ്റി പദവി നൽകുക. വിദ്യാഭ്യാസം, ആരോഗ്യമേഖല, സാംസ്കാരികരംഗം, മയക്കുമരുന്നുകൾക്കെതിരേ കൈക്കൊണ്ടിട്ടുള്ള നടപടികൾ തുടങ്ങി പല കാര്യങ്ങളും പരിശോധിക്കും.
തൃശൂർ ലേണിംഗ് സിറ്റി, പൂരം, തൃശൂരിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ, ജനമൈത്രി പോലീസ് സംവിധാനം, കോർപറേഷനു കീഴിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങൾ, മയക്കുമരുന്നുപയോഗത്തിനെതിരേ എക്സൈസും പോലീസും കൈക്കൊള്ളുന്ന നടപടികൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് മേയർ എം.കെ.വർഗീസ് സമ്മേളനത്തിൽ വിശദമായി അവതരിപ്പിച്ചു.
വിദേശരാജ്യങ്ങൾക്കുപുറമെ ഇന്ത്യയിൽനിന്ന് ഡൽഹി, കാഷ്മീർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരും അന്താരാഷ്ട്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തൃശൂരിലേക്കു വരാൻ സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ താത്പര്യം പ്രകടിപ്പിച്ചെന്നും അവരെ തൃശൂരിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.
പൊട്ടക്കിണറ്റിലെ തവളകളായി കഴിയരുത്: മേയർ
തൃശൂർ: ലോകം കാണണമെന്നും ലോകത്തു നടക്കുന്ന മാറ്റങ്ങൾ മനസിലാക്കണമെന്നും അല്ലാതെ പൊട്ടക്കിണറ്റിലെ തവളകളായി കഴിയരുതെന്നും മേയർ എം.കെ. വർഗീസ്. ജനപ്രതിനിധികൾ സ്വന്തം നാടിനു പുറത്തുപോയി കാര്യങ്ങൾ കണ്ടറിഞ്ഞു മനസിലാക്കണം. അവിടത്തെ നല്ല കാര്യങ്ങൾ തിരിച്ചറിഞ്ഞു കേരളത്തിലേക്കും നമ്മുടെ നാട്ടിലേക്കും കൊണ്ടുവരണമെന്നും മേയർ പറഞ്ഞു.
മേയറുടെ വിദേശയാത്ര കോർപറേഷനിലെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണവും മേയർ തള്ളിക്കളഞ്ഞു. താൻ ജനങ്ങളുടെ നികുതിപ്പണംകൊണ്ടോ കോർപറേഷന്റെ പണംകൊണ്ടോ അല്ല ഇതുവരെയുള്ള വിദേശയാത്രകൾ നടത്തിയത്. വിവിധ പരിപാടികൾക്കു ക്ഷണിക്കുന്നവരാണ് അതിനുള്ള ടിക്കറ്റെടുത്തു തരാറുള്ളത്.
അവരുടെ അതിഥിയായിട്ടാണ് പോകാറുള്ളത്. സൗദി അറേബ്യയിൽ നടന്ന ലേണിംഗ് സിറ്റിയുമായി ബന്ധപ്പെട്ട ഒരേയൊരു പരിപാടിക്കുമാത്രമാണ് ടിക്കറ്റെടുത്തു പോകേണ്ടിവന്നതെന്നും മേയർ വ്യക്തമാക്കി.
സ്വന്തം ലേഖകൻ