കാട്ടാന നശിപ്പിച്ച കൃഷിസ്ഥലങ്ങൾ സിപിഐ നേതാക്കൾ സന്ദർശിച്ചു
1508859
Tuesday, January 28, 2025 1:47 AM IST
അതിരപ്പിള്ളി: പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലെ കാട്ടാനയുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങളിൽ സിപിഐ നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ്, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. പ്രദീപ്കുമാർ, മണ്ഡലം അസി. സെക്രട്ടറി എം.വി. ഗംഗാധരൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഉഷ പരമേശരൻ, അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ്, മണ്ഡലം കമ്മിറ്റി അംഗം ബിജി സന്ദാനന്ദൻ, ലോക്കൽ കമ്മിറ്റി അംഗം കെ.എ.ജോയ് എന്നിവരടങ്ങിയ സംഘമാണ് കാട്ടാന ആക്രമണം നേരിട്ട സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.
ആനമല കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ കൃഷിത്തോട്ടം, വെട്ടിക്കുഴിയിലെ ചെലമ്പട്ട മാധവൻ, വൈശേരിയിലെ ഞാറ്റുവെട്ടി തിലകൻ, ചിക്ലായി കണിയാംപറമ്പിൽ മാത്യു മകൻ ജോസഫ്, പുത്തൻപുരയിൽ ജോയി തുടങ്ങിയ വിവിധ കർഷകരുടെ കൃഷിനാശം സംഭവിച്ച പ്രദേശങ്ങളിലാണ് സിപിഐ പ്രതിനിധിസംഘം സന്ദർശിച്ചത്.
400 വിയറ്റ്നാം ഏർളി ഇനത്തിൽപെട്ട പ്ലാവ്, മുന്നൂറോളം അടക്കാമരം, 59 തെങ്ങ്, 74 കശുമാവ്, 69 റബർ, 19 ഒട്ടുമാവ്, 36 റംബൂട്ടാൻ, 27 മാങ്കോസ്റ്റിൻ, 21 ജാതി, നിരവധി വാഴകൾ, പച്ചക്കറികൾ, മറ്റ് നിരവധി പഴവർഗങ്ങൾ എന്നിവയും ഇവയുടെ സംരക്ഷണത്തിനായി നിർമിച്ച സൗരോർജ വേലിയും ഉൾപ്പടെ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പന്ത്രണ്ടോളം കാട്ടാനകളാണ് വിവിധ പ്രദേശങ്ങളിൽ ഇറങ്ങി നാശംവിതച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ആനശല്യം രൂക്ഷമായി തുടരുകയാണ്.
ഡിഎഫ്ഒ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ
ചാലക്കുടി: അതിരപ്പിള്ളി മേഖലയിലെ വന്യജീവി ഭീകരതക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുക, മലയോരകർഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അതിരപ്പിള്ളി പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങൾ ഡിഎഫ്ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സിപിഎം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സൗമിനി മണിലാൽ അധ്യക്ഷയായി.
അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി സതീഷ്കുമാർ, പഞ്ചായത്ത് അംഗം റിജേഷ്, ഇ.എ. ജയതിലകൻ, എ.എം. ഗോപി, ആന്റണി തോമസ്, കെ.ബി. ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.