ബിജെപിക്ക് തൃശൂരിൽ മൂന്നു ജില്ലാ പ്രസിഡന്റുമാർ
1508848
Tuesday, January 28, 2025 1:47 AM IST
തൃശൂർ: ബിജെപി ജില്ലാ പ്രസിഡന്റുമാരായി ജസ്റ്റിൻ ജേക്കബ്, അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, എ.ആർ. ശ്രീകുമാർ എന്നിവർ ചുമതലയേറ്റു. ജില്ലയെ മൂന്നാക്കി വിഭജിച്ചാണു മൂന്നു ജില്ലാ പ്രസിഡന്റുമാരെ പുതിയ സംഘടനാ സംവിധാനമനുസരിച്ചു പ്രഖ്യാപിച്ചത്.
തൃശൂർ, മണലൂർ, നാട്ടിക, പുതുക്കാട്, ഒല്ലൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തൃശൂർ സെൻട്രൽ പ്രസിഡന്റായി ജസ്റ്റിൻ ജേക്കബിനെ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലങ്ങൾ ഉൾപ്പെടുന്ന തൃശൂർ സൗത്ത് പ്രസിഡന്റായി എ.ആർ. ശ്രീകുമാറിനെയും ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങൾ ഉൾപ്പെടുന്ന നോർത്ത് പ്രസിഡന്റായി അഡ്വ. നിവേദിത സുബ്രഹ്മണ്യനെയും തെരെഞ്ഞടുത്തു. കഴഞ്ഞ ദിവസമായിരുന്നു പത്രിക സമർപ്പണം.
ഇന്നലെ ബിജെപി ജില്ലാ ഓഫീസായ നമോഭവനിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലാണു തൃശൂർ സെൻട്രൽ പ്രസിഡന്റ് ജസ്റ്റിൻ ജക്കബ് ചുമതലയേറ്റത്. നോർത്ത്, സൗത്ത് പ്രസിഡന്റുമാർ വടക്കാഞ്ചേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു. നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയാണു തൃശൂർ സെൻട്രൽ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഏറെ നാളുകളായി സംഘടനാ ചുമതലകളിൽനിന്നു വിട്ടുനിന്നിരുന്ന ശ്രീകുമാർ മുൻ ജില്ലാ പ്രസിഡന്റായിരുന്ന ശ്രീശൻ അടിയാട്ടുമായി ഏറെ അടുപ്പംപുലർത്തിയിരുന്നയാളാണ്.
നിലവിൽ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റാണ് നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു.