ഇടഞ്ഞോടി കാഞ്ഞാണി - തൃശൂർ റോഡിൽ പരിഭ്രാന്തി പരത്തിയ ആനയെ തളച്ചു
1508854
Tuesday, January 28, 2025 1:47 AM IST
കാഞ്ഞാണി: പാപ്പാനോട് ഇടഞ്ഞ് സംസ്ഥാന പാതയിലൂടെ ഓടിയ ആനയെ അനിഷ്ട സംഭവങ്ങളില്ലാതെ ഒന്നര മണിക്കൂറിന് ശേഷം ആറുകിലോമീറ്റർ അപ്പുറത്തുവച്ച് തളച്ചു. ഇന്നലെ വൈകീട്ട് 6.30 യോടെയായിരുന്നു സംഭവം. മണലൂർ സ്വദേശി പാട്ടത്തിനെടുത്ത ചിറക്കാട്ട് നീലകണ്ഠൻ എന്ന ആന പുത്തനങ്ങാടിയിലെ വീട്ടിൽ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ് ഓടുകയായിരുന്നു. പാപ്പാൻമാർ തടഞ്ഞിട്ടും ആന നിന്നില്ല. മണലൂർ ഗുരുവായൂർ റോഡിൽ നിന്ന് ആന കാഞ്ഞാണി സെന്റർ വഴി സംസ്ഥാന പാതയിലൂടെ തൃശൂർ ഭാഗത്തേക്ക് നീങ്ങി. ആന കടന്നു പോയ വഴികളിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
ആന വഴിയിൽ വാഹനങ്ങൾക്കോ യാത്രക്കാർക്കോ ഉപദ്രവമുണ്ടാക്കിയില്ല. ആന വരുന്നതറിഞ്ഞ് അഞ്ച് കിലോമീറ്റർ അപ്പുറത്ത് വരെ കടകൾ അടച്ചു.
പെരുമ്പുഴ പാടം കടന്ന് ആറാംകല്ല് സെന്ററിൽ നിന്ന് ആന എറവ് കൈപ്പിള്ളി റോഡിലൂടെ നീങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴിയിൽ വച്ച് ആനയെ പാപ്പാൻമാർ അനുനയിപ്പിച്ച് നിർത്തി. വെള്ളവും ഭക്ഷണവും കൊടുത്തു. വൻ ജനാവലിയായിരുന്നു ആനയുടെ പുറകിൽ ഒപ്പം സഞ്ചരിച്ചത്. അന്തിക്കാട് എസ്ഐ അഭിലാഷും സംഘവും ക്രമസമാധാനപാലനത്തിന് ഉണ്ടായിരുന്നു. എലിഫന്റ് സ്ക്വാഡിന്റെ സഹായത്തോടെ ആനയെ ലോറിയിൽ കയറ്റി കൊണ്ടു പോയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്ക നീങ്ങിയത്.