തൃശൂരിന്റെ പോലീസ് കാവലിന് ഇനി എഐ സുരക്ഷയും
1508850
Tuesday, January 28, 2025 1:47 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തെളിയാത്ത കേസുകൾ മാത്രമല്ല തെളിയാത്ത ചിത്രങ്ങളും ഇനി ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് തെളിയിക്കും.
തൃശൂരിൻെറ സുരക്ഷ ആർട്ടിഫിഷൽ ഇന്റലിജൻസ് പവേർഡ് സംവിധാനത്തിൽ കൂടുതൽ സുശക്തമാക്കി. കുറ്റാന്വേഷണം ആധുനികവത്കരിക്കുന്നതിനുള്ള ഏറ്റവും പുതിയ ചുവടുവയ്പ്പാണ് റിപ്പബ്ലിക് ദിനത്തിൽ തൃശൂർ സിറ്റി പോലീസ് നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതിന് എഐ പവേർഡ് സിസിടിവി അനാലിസിസ് സിസ്റ്റം കാമറ കൺട്രോൾ യൂണിറ്റിൽവച്ച് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ മാർഗനിർദേശത്തിൽ എഎസ്പി (അണ്ടർ ട്രെയിനി) ഹാർദിക് മീണയാണ് നൂതനമായ സംവിധാനം വികസിപ്പിച്ചെടുത്തത്. വിൻഡോസ്, ലിനക്സ് പ്ലാറ്റ്ഫോമുകളിൽ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്ന ഈ സിസ്റ്റം ഓഫ്ലൈനായാണ് പ്രവർത്തിക്കുന്നത്. ഇത് ഡാറ്റയ്ക്ക് കൂടുതൽ സുരക്ഷയും ഉറപ്പാക്കുന്നു.
ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികളെയും വാഹനങ്ങളെയും തിരിച്ചറിയാൻ സഹായിക്കുക, കാൽനടയാത്രക്കാരുടെയും പ്രവർത്തനങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കുക, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ വ്യക്തമല്ലാത്ത ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് വ്യക്തമാക്കുക, വാട്ട്സ്ആപ്പ്, എസ്എംഎസ് സന്ദേശങ്ങൾ ഓട്ടോമാറ്റിക് ആയി അയയ്ക്കുക എന്നീ പ്രവർത്തനങ്ങൾക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാണ്.
ഫേസ് ഡിറ്റക്ഷൻ ഉൾപ്പെടെയുള്ള കൂടുതൽ ഓപ്ഷനുകൾ അടുത്ത തലത്തിൽ ഉൾപ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ചടങ്ങിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തൃശൂർ റൂറൽ പോലീസ് ചീഫ് ബി. കൃഷ്ണകുമാർ, എഎസ്പി (അണ്ടർ ട്രെയിനി) ഹാർദിക് മീണ, തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ സലീഷ് എൻ. ശങ്കരൻ, ഗുരുവായർ അസിസ്റ്റന്റ് കമ്മീഷണർ കെ. എം. ബിജു, ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ എസ്.പി. സുധീരൻ, കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. സന്തോഷ് എന്നിവരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.