കോർപറേഷനിൽ കലഹയോഗം
1509127
Wednesday, January 29, 2025 2:05 AM IST
തൃശൂർ: കോർപറേഷന്റെ മാസ്റ്റർ പ്ലാൻ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്, ബിജെപി കൗണ്‍സിലർമാർ രംഗത്തുവന്നതോടെ ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗം കലഹയോഗമായി.
വൻകിട കച്ചവടലോബികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് മാസ്റ്റർ പ്ലാനെന്നും 55 അംഗ കൗണ്‍സലിൽ ഭരണപക്ഷത്തുനിന്നുള്ള രണ്ടു കൗണ്‍സിലർമാരും പ്രതിപക്ഷത്തുനിന്നുള്ള 30 കൗണ്‍സിലർമാരും ഉൾപ്പെടെ 32 പേരും അംഗീകരിക്കാത്ത പ്ലാൻ സർക്കാരിനെ അനുകൂലിച്ച് നടപ്പാക്കാനാണ് തീരുമാനമെന്നും ആരോപിച്ചായിരുന്നു യുഡിഎഫും ബിജെപിയും രംഗത്തുവന്നത്.
ഭൂരിഭാഗംപേരും തള്ളിക്കളഞ്ഞ പ്ലാൻ ഐക്യകണ്ഠേന പാസാക്കിയെന്ന് അവകാശപ്പെട്ട് നടപ്പാക്കാൻ ശ്രമിക്കുന്ന കോർപറേഷനും സർക്കാരിനും ലജ്ജയില്ലേ എന്നും ജനങ്ങളോടു വല്ല പ്രതിബദ്ധതയുമുണ്ടോ എന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ചോദ്യം ഉന്നയിച്ചു. കഴിഞ്ഞ ഏപ്രിലിൽ പാസായ പ്ലാനിന്റെ പേരിൽ മാസങ്ങൾക്കുശേഷം ചർച്ച നടത്തുന്നത് വരുന്ന തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണെന്നും എടുത്തപറയാൻ കൊള്ളാവുന്ന വികസനപ്രവർത്തനങ്ങൾ ഇല്ലാത്ത ഭരണമുന്നണി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മാസ്റ്റർ പ്ലാനിനെ ന്യായീകരിച്ച് രംഗത്തുവന്ന എൽഡിഎഫ് കൗണ്‍സിലർ ഐ. സതീഷ് കുമാർ ഇടതുപക്ഷ ഭരണമുന്നണിയുടെ വികസനപ്രവർത്തനങ്ങളെ നോക്കി പല്ലിളിച്ചുകാണിക്കാൻ നാണമില്ലേ കോണ്‍ഗ്രസേ എന്നുപറഞ്ഞതോടെ പ്രതിപക്ഷ കൗണ്‍സിലർമാർ പ്രതിഷേധിച്ചു.
മാസ്റ്റർ പ്ലാൻ നടപ്പാക്കാനെന്ന പേരിൽ കോർപറേഷനിലെ പാടങ്ങൾ മണ്ണിട്ടുനികത്താൻ ശ്രമിക്കുന്നതു ഭാവിതലമുറയെ വെള്ളത്തിൽ മുക്കിക്കൊല്ലും എന്നാരോപിച്ച് ബിജെപി കൗണ്‍സിലർമാർ സ്കൂബ ഡൈവേഴ്സിന്റെ വസ്ത്രം ധരിച്ചും ലൈഫ് ജാക്കറ്റും ട്യൂബും ഉയർത്തിയും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധം ഉയർത്തി നടുത്തളത്തിലിറങ്ങിയ യുഡിഎഫ് കൗണ്‍സിലർമാർ ബിജെപി കൗണ്‍സിലർമാർക്കൊപ്പം മേയറെ ഉപരോധിച്ചു. ഇതിനിടെ ബെല്ലടിച്ച് യോഗം പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് ഭരണമുന്നണി കൗണ്‍സിലർമാരും മേയർക്കു പിന്തുണ നൽകി മുദ്രാവാക്യം മുഴക്കി.
അരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ യോഗം ബഹിഷ്കരിച്ച് ബിജെപിക്കാർ കൗണ്‍സിൽ ഹാൾ വിട്ടെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ കോണ്‍ഗ്രസ് തയാറായില്ല. മാസ്റ്റർ പ്ലാൻ കോപ്പി കീറിയെറിഞ്ഞു പ്രതിപക്ഷ പ്രതിഷേധം കനത്തപ്പോഴും, പ്രതിഷേധത്തിനു ശക്തിയില്ലെന്നും ഉറക്കെ മുദ്രാവാക്യം വിളിക്കു എന്നു സമരക്കാരോട് മേയർ എം.കെ. വർഗീസ് ആവശ്യപ്പെട്ടു.
പാത്രം കൊട്ടിയും ഉച്ചത്തിൽ മുദ്രാവാക്യംവിളിച്ചും പുറത്തിറങ്ങാൻ കഴിയാതെ മേയറെ പ്രതിപക്ഷം വളഞ്ഞപ്പോഴും ബെല്ലടിച്ചു യോഗം പിരിച്ചുവിടാനോ
സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടാനോ തയാറാവാതെ മേയർ തയാറായില്ല.
ഒന്നരമണിക്കൂറിലേറെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഉച്ചയ്ക്ക് ഒന്നോടെ മേയർ കൗണ്‍സിൽ ഹാളിൽനിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
മേയറുടെ
വിദേശയാത്രയ്ക്കെതിരേ
പ്രതിപക്ഷം
എം.കെ. വർഗീസ് മേയറായതിനുശേഷം നാലരവർഷംകൊണ്ട് നടത്തിയ വിദേശയാത്രകളുടെ എണ്ണം നിരവധിയാണെന്നു പ്രതിപക്ഷം. രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ യാത്രയ്ക്കുള്ള പണം എവിടെനിന്ന്. എം.കെ. വർഗീസ് പോകുന്നതിലല്ല, മറിച്ച് മേയർ എം.കെ. വർഗീസ് നടത്തിയ യാത്രകളാണ് ചോദ്യംചെയ്യപ്പെടേണ്ടതെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഒരുകോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഈ യാത്രകൾ എന്തിനുവേണ്ടിയാണെന്നും ആർക്കുവേണ്ടിയാണെന്നും മേയർ വ്യക്തമാക്കണം. വർഷം ഇത്ര പിന്നിട്ടിട്ടും ഈ യാത്രകളെക്കുറിച്ച് മേയർ ഒരുവാക്കുപോലും മിണ്ടുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
തട്ടിപ്പ് കൗണ്‍സിൽ:
രാജൻ ജെ. പല്ലൻ
മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ടു നടന്ന കൗണ്‍സിൽ യോഗം വെറും തട്ടിപ്പുമാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. സർക്കാർ അംഗീകരിച്ചുവെന്ന് അവകാശപ്പെടുന്നതിൽവരെ ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ട്. മാസ്റ്റർ പ്ലാൻ ചർച്ചയ്ക്കുവച്ചത് എന്തിനെന്നു ചോദിച്ചാൽ മേയർക്കോ ഭരണമുന്നണികൾക്കോ ഉത്തരമില്ല.
അമൃത് സിറ്റി മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ടു രൂപീകരിച്ച താനുൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉൾപ്പെട്ട സ്പെഷൽ കമ്മിറ്റി ഉണ്ട്. കമ്മിറ്റി അംഗീകരിച്ച് കൗണ്‍സിൽ യോഗത്തിൽ അവതരിപ്പിച്ചതിനുശേഷം മാത്രമാണ് പ്ലാൻ സർക്കാരിലേക്കു സമർപ്പിക്കേണ്ടത്. എന്നാൽ സ്പെഷൽ കമ്മിറ്റി തീരുമാനങ്ങൾ മുഴുവനും തട്ടിപ്പായിരുന്നു. തീരുമാനങ്ങൾ അജൻഡയില്ലാതെ വരികയും പിന്നീട് കമ്മിറ്റി അംഗങ്ങൾപോലും അറിയാതെ അവ എഴുതിച്ചേർത്താണ് ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയിലക്ക് അയച്ചുകൊടുത്തത്. ഇതിനെക്കുറിച്ചു നടത്തിയ അന്വേഷണത്തിൽ ഡെപ്യൂട്ടി ടൗണ്‍ പ്ലാനർ പറഞ്ഞത്, സെക്രട്ടറിയുടെ ഇമെയിലിൽനിന്നുമാണ് വന്നതെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ ഇല്ലെന്നുമാണ്.
ഡിടിപി സ്കീമുകൾ കാൻസൽ ചെയ്യാൻ അജൻഡ വച്ചിരുന്നെങ്കിലും അവ മാസ്റ്റർ പ്ലാൻ വന്നപ്പോൾ റദ്ദുചെയ്യുകയാണ് ചെയ്തത്. 12 ഡിടിപി സ്കീമുകളാണ് സർക്കാർ അംഗീകരിച്ചത്. എന്നാൽ ഇവയെല്ലാം റദ്ദുചെയ്തു.
മേനാച്ചേരി കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കുശേഷം നാലു കടമുറികൾകൂടി പുതിയതായി എടുത്തിട്ടുണ്ട്. ഇതോടെ ഹൈറോഡിലെ ജംഗ്ഷൻ വികസനവും അട്ടിമറിച്ചു. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകളാണ് കോർപറേഷൻ നടത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല.
ഭരണപക്ഷ കൗണ്‍സിലർമാരായ ബീന മുരളി, ഷീബ ബാബു, സുകുമാരൻ, സി.പി. പോളി എന്നിവരും മാസ്റ്റർപ്ലാൻ അംഗീകരിക്കാത്തതിനാലാണ് യോഗത്തിൽനിന്നു വിട്ടുനിന്നത്. വിഷയത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും രാജൻ പല്ലൻ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റേതു ജനങ്ങളെ
വഞ്ചിക്കുന്ന നിലപാട്: മേയർ
2039 വർഷത്തെ അടിസ്ഥാനപ്പെടുത്തി പാസായ മാസ്റ്റർ പ്ലാൻ കൗണ്‍സിലിനെ അറിയിക്കുന്നതിനും തുടർനടപടികൾക്കുമായി ചേർന്ന യോഗത്തിൽ പ്രതിപക്ഷനേതാവും സംഘങ്ങളും കൗണ്‍സിലിനെ ബഹുമാനിക്കാതെ കോർപറേഷൻ ജനതയെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നു മേയർ എം.കെ. വർഗീസ്. ഇതു മാസ്റ്റർപ്ലാൻ ചർച്ച ചെയ്യാതിരിക്കാൻവേണ്ടിയാണ്. ചർച്ചയിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ച പ്രതിപക്ഷത്തിന് അല്പമെങ്കിലും മാന്യതയും മര്യാദയും വേണമെന്നും അദ്ദേഹം പറഞ്ഞു.
1974 മുതൽ ആരംഭിച്ച് 50 വർഷക്കാലമായി നടക്കാതിരുന്ന തൃശൂർ ജനതയുടെ സ്വപ്നമായ നഗരവികസനം നടപ്പാക്കുന്ന ചരിത്രമുഹൂർത്തത്തിനാണ് കൗണ്‍സിൽ സാക്ഷ്യം വഹിക്കുന്നത്. പത്തിലേറെ തവണ ചർച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തതിനുശേഷമാണ് മാസ്റ്റർ പ്ലാൻ പാസാക്കിയത്. 2000 ത്തിൽ അധികാരത്തിൽ വന്ന കൗണ്‍സിൽ തീരുമാനിച്ചിരുന്ന ഡിടിപി സ്കീമുകൾ മുനിസിപ്പൽ പ്രദേശത്തെമാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടുകൾ മാത്രമായിരുന്നു. അതുനടപ്പായാൽ നഗരത്തിന്റെ സ്ഥിതി കൂടുതൽ ദയനീയമാകുമായിരുന്നു. അതുകൊണ്ടാണ് നഗരത്തിന്റെ പൈതൃകം നിലനിർത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
നിലവിലെ മാസ്റ്റർ പ്ലാനിനെക്കുറിച്ച് മനസിലാക്കാനോ പഠിക്കാനോ തയാറാവാതെ ജനങ്ങളെ വിഡ്ഢികളാകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിലവിൽ എല്ലാവരും അംഗീകരിച്ച മാസ്റ്റർ പ്ലാനുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്സണ് എന്നിവരും പങ്കെടുത്തു.