ചാവക്കാട് കോടതിവളപ്പില്‍ തറനിർമാണം; ബാര്‍ കൗണ്‍സിലും അസോസിയേഷനും തർക്കത്തിൽ
1484407
Wednesday, December 4, 2024 6:46 AM IST
ചാവക്കാട്: കോടതി വളപ്പില്‍ അനധികൃതമായി തറ നിര്‍മിച്ചെന്ന പരാതിയിൽ കേരള ബാ ര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചാവക്കാട് കോടതി വളപ്പിലെത്തി പരിശോധന നടത്തി. തറ നിര്‍മിച്ചതില്‍ ചാവക്കാട് ബാര്‍ അസോസിയേഷന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി സ്ഥലം സന്ദര്‍ശിച്ച ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
എന്നാൽ, ഇതേക്കുറിച്ച് അന്വേഷിക്കാൻ ബാർ കൗൺസിലിന് അധികാരമില്ലെന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. തറ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ചാവക്കാട് ബാര്‍ അസോസിയേഷന് സെക്രട്ടറിയില്‍നിന്ന് കൗണ്‍സില്‍ അംഗങ്ങള്‍ വിവരം തേടി. കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ആര്. രാജ്കുമാര്, ബാര്‍ കൗണ്‍സില്‍ അംഗം ആനയറ ഷാജി, ബാര്‍ കൗണ്‍സില്‍ നോഡല്‍ ഓഫീസര്‍ ഒ.കെ. ശിവരാമന് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആവശ്യമായ അനുമതിയില്ലാതെയാണ് തറ നിര്‍മിച്ചതെന്ന് ബാര്‍ കൗണ്‍സില്‍ അംഗങ്ങൾ പറഞ്ഞു. റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച ചുമതലയുള്ള ജഡ്ജിക്കു കൈമാറും.
അഭിഭാഷകരും കോടതി ജീവനക്കാരും അംഗങ്ങളായ കാസ്ക എന്ന സംഘടനയുടെ ഫലകം അനധികൃതമായി സ്ഥാപിച്ചെന്നാരോപിച്ച് ചാവക്കാട് ബാറിലെ ചില അംഗങ്ങൾ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം. പരാതി ലഭിച്ചപ്പോൾ ചാവക്കാട് ബാര്‍ അസോസിയേഷന് പ്രസിഡന്റിനോട് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. തറ നിര്‍മാണം വിവാദമായതിനെ തുടര്‍ന്ന് തറയില്‍ പതിപ്പിച്ചിരുന്ന കാസ്ക സംഘടനയുടെ പേര് രേഖപ്പെടുത്തിയ ഫലകം നീക്കിയിരുന്നു.
തറ നിർമാണം അന്വേഷിക്കാൻ ബാര്‍ കൗണ്‍സിലിന് അധികാരമില്ലെന്ന നിലപാടിലുറച്ച ചാവക്കാട് ബാര്‍ അസോസിയേഷന് ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് തറ നിർമാണം നടത്തിയതെന്നറിയിച്ചു. ഹൈക്കോടതി നിർദേശിച്ചാൽ തറ പൊളിച്ചുമാറ്റുമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ്് അഡ്വ. അശോകൻ തേർളി പറഞ്ഞു.