ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങള്‍ നവംബർ ഒന്നിനു തുടങ്ങും
1601867
Wednesday, October 22, 2025 6:58 AM IST
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി വിളക്കാഘോഷങ്ങള്‍ നവംബർ ഒന്നിന് തുടങ്ങും. പിന്നീടുള്ള ഒരുമാസക്കാലം ക്ഷേത്രനഗരി ഉത്സവലഹരിയിലാവും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസം ചുറ്റുവിളക്കുണ്ടാവും. ഏകാദശി ദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക ചുറ്റുവിളക്കാഘോഷമാണ്.
തുടക്ക ദിവസം പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ തുടക്കം. ദശാബ്ദങ്ങളായി വിളക്കാഘോഷം തുടങ്ങുന്നത് അമ്മിണി അമ്മയുടെ വിളക്കാഘോഷത്തോടെയാണ്. രണ്ടിന് തുലാം മാസത്തിലെ ഏകാദശി ദിനത്തിൽ ഗുരുവായൂർ ദേവസ്വം ഉദയാസ്തമന പൂജയോടെ വിളക്ക് ആലോഷിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ചാവക്കാട് മുൻസീഫ് കോടതി, ഗുരുവായൂർ പോലീസ്,ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ, പോസ്റ്റൽ വിളക്ക്, ജി.ജി. കൃഷ്ണയ്യർ, എസ്ബിഐ, കനറാബാങ്ക് തുടങ്ങിയവരുടെ വിളക്കുകളാണ്.
അവസാന ദിവസങ്ങളിൽ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷമാണ്. രാത്രി വിളക്കെഴുന്നള്ളിപ്പിന് നറുനെയ് ഉപയോഗിച്ച് വിളക്കുകള്‍ തെളിയിക്കുന്ന വിളക്കാഘോഷങ്ങളാണ് ഏറെയും.
വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാല്‍ ഇടക്ക വാദ്യം, നാദസ്വരം എന്നിവയോടെയുള്ള വിളക്കെഴുന്നള്ളിപ്പ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവയുണ്ടാവും. ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം നവംബര്‍ 16ന് തുടങ്ങും.
17ന് രാവിലെ മുതലാണ് സംഗീതാര്‍ച്ചനകള്‍ ആരംഭിക്കുക. തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭര്വരെ ഗുരുവായൂരപ്പന് മുമ്പില്‍ സംഗീതാര്‍ച്ചന നടത്താനെത്തും. 17മുതല്‍ വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെ വിശേഷാല്‍ കച്ചേരികള്‍ ഉണ്ടാവും. ഡിസംബര്‍ ഒന്നിനാണ് ഏകാദശി. അന്ന് ഉദയാസ്തമന പൂജ ഉണ്ടാകില്ല.