സൈബര്‍ തട്ടിപ്പ്: റൂറല്‍ പോലീസ് വീണ്ടെടുത്തത് 2.30 കോടി
1601878
Wednesday, October 22, 2025 6:59 AM IST
ഇരിങ്ങാലക്കുട: സൈബര്‍ തട്ടിപ്പ് തടയല്‍, പാസ്പോര്‍ട്ട് വേരിഫിക്കേഷന്, അടിയന്തരപ്രതികരണ സംവിധാനം, ലഹരിവിരുദ്ധപ്രവര്‍ത്തനം, ഗുണ്ടകള്‍ക്കെതിരായ നടപടി എന്നിവയിലെല്ലാം മികവ് തെളിയിച്ച് റൂറല്‍ ജില്ലാ പോലീസ്.
ഏറ്റവും വേഗത്തിലും കാര്യക്ഷമമായും പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാക്കുന്നതില്‍ തുടര്‍ച്ചയായി ആറാംമാസവും സംസ്ഥാനത്ത് ഒന്നാംസ്ഥാനത്താണ് റൂറല്‍ ജില്ലാ പോലീസ്. ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്ന ജില്ലയില്‍ കാര്യക്ഷമമായ ഇടപെടലിലൂടെ പ്രതികളെ പിടികൂടാനും നഷ്ടപ്പെട്ട പണം തിരിച്ചെടുത്തുനല്കാനും സാധിക്കുന്നതായി ജില്ലാ പേലീസ് മേധാവി ബി. കൃഷ്ണകുമാര്‍ അറിയിച്ചു. സൈബര്‍ തട്ടിപ്പുകളില്‍പ്പെട്ടു നഷ്ടപ്പെട്ട 2,30,47,000 രൂപ പരാതിക്കാര്‍ക്കു വീണ്ടെടുത്തുനല്കി. വിവിധ തട്ടിപ്പുകളില്‍ നഷ്ടപ്പെട്ട പണത്തില്‍ 8,57,34,800 രൂപ മരവിപ്പിക്കാനും സാധിച്ചു. സൈബര്‍ തട്ടിപ്പുവഴി നഷ്ടപ്പെട്ട പണം തിരിച്ചുകൊടുക്കുന്നതില്‍ സംസ്ഥാനത്തു നാലാംസ്ഥാനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിനാണ്.
റൂറല്‍ ജില്ലയില്‍ അടിയന്തര പ്രതികരണസംവിധാനത്തിലേക്കു വരുന്ന സഹായാഭ്യര്‍ഥനകളില്‍ ശരാശരി 4.57 മിനിറ്റുകൊണ്ട് സ്ഥലത്തെത്തി അതിവേഗം പ്രതികരിച്ച് സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്താനും സാധിച്ചു.
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരം 2025ല്‍ ഇതുവരെ റൂറല്‍ ജില്ലയില്‍ 196 ഗുണ്ടകള്ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഇതില്‍ 66 ഗുണ്ടകളെ ജയിലിലടയ്ക്കുകയും 130 ഗുണ്ടകളെ നാടുകടത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മയക്കുമരുന്ന് ലഹരി കേസുകളില്‍ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണകൂടാതെ കരുതല്‍ തടങ്കലില്‍ വയ്ക്കാവുന്ന നിയമപ്രകാരം 2025ല്‍ ഇതുവരെ റൂറല്‍ ജില്ലയില്‍ എട്ടു പ്രതികളെ ഒരുവര്‍ഷത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലാക്കിയിട്ടുണ്ട്. പരാതിപരിഹാര സംവിധാനത്തിലും റൂറല്‍ ജില്ല ഏറെ മുന്നിലാണെന്ന് എസ്പി അറിയിച്ചു.