ബലിതർപ്പണത്തിനുവന്ന 65 വയസുകാരി പുഴയിലെ ഒഴുക്കിൽപ്പെട്ടു; യുവാക്കൾ രക്ഷിച്ചു
1601864
Wednesday, October 22, 2025 6:58 AM IST
പഴയന്നൂർ: ഗായത്രിപ്പുഴയുടെ പാറമേൽപ്പടി പാറക്കടവിൽ ബലിതർപ്പണം ചെയ്യാൻ എത്തിയ വൃദ്ധ കാൽവഴുതി പുഴയിലേക്കുവീണു. മേലേമുറി വേലൂർപ്പടി അമ്മു (65) വാണ് പുഴയിലേക്കുവീണ് ഒഴുക്കിൽപ്പെട്ടത്.
കൂടെയുണ്ടായിരുന്ന ഭർത്താവ് ഗോപാലൻ അടുത്തുള്ളവീട്ടിൽചെന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് പാറമേൽപ്പടി തെരുവിൽ പഴനിസ്വാമിയും പാറമേൽപ്പടി സെന്ററിൽ ജ്വല്ലറി നടത്തുന്ന രതീഷും ഓടിയെത്തി.
300 മീറ്ററോളം ഒഴുകിപ്പോയ വൃദ്ധ നല്ല ആഴമുള്ള പ്രദേശത്ത് മുങ്ങിത്താഴുന്നതുകണ്ട് സ്വജീവൻപോലും വകവയ്ക്കാതെ രണ്ടുപേരും പുഴയിലേക്കുചാടി അമ്മുവിനെ രക്ഷിക്കുകയായി രുന്നു. തുടർന്ന് സിപിആർ നൽകിയശേഷം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവരിപ്പോൾ തീവ്രപരിചരണവിഭാഗത്തിലാണ്. സ്വജീവൻപോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തിയ ഇരുവരേയും പാറമേൽപ്പടി സെന്ററിൽവച്ച് എൽഡിഎഫ് ആദരിച്ചു.