പ്രാദേശിക യുഡിഎഫ് സമിതികള്‍ രൂപീകരിക്കാത്തതു നിര്‍ഭാഗ്യകരം; കേരള കോണ്‍ഗ്രസ്
1601903
Wednesday, October 22, 2025 7:19 AM IST
തൃശൂര്‍: ജില്ലയിലെ യുഡിഎഫ് പ്രാദേശികസമിതികള്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും യുഡിഎഫ് സമിതികള്‍ നിലവില്‍ വരാത്തതു തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നു കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുന്പായി യുഡിഎഫ് സമിതികളെ സംബന്ധിച്ച ധാരണയായിട്ടും, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ നടപ്പിലാക്കാമെന്ന ധാരണയില്‍ എത്തിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ മാറ്റങ്ങളെത്തുടര്‍ന്ന് യുഡിഎഫ് പുതിയ ജില്ലാ നേതൃത്വം ചുമതലയെടുത്തിരുന്നു. തുടര്‍ന്ന് യാതൊരുവിധ തീരുമാനങ്ങളും കൈക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നുള്ളതു നിര്ഭാഗ്യകരമാണന്നു യോഗം അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന്, ജോണ്സണ് കാഞ്ഞിരത്തിങ്കല്‍, ജോയ് ഗോപുരം, മിനി മോഹന്‍ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.