തുലാമാസ വാവുബലി: പഞ്ചവടിയിൽ ആയിരങ്ങളെത്തി
1601866
Wednesday, October 22, 2025 6:58 AM IST
ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തില്‍ തുലാമാസ വാവുബലിയുടെ ഭാഗമാ യുള്ള ബലിതര്‍പ്പണചടങ്ങുകള്‍ ഇന്നലെ പുലര്‍ച്ചെ 2.30 മുതല്‍ വാ കടപ്പുറത്ത് ആരംഭിച്ചു.
മൺമറഞ്ഞവരുടെ ഓർമയിൽ വിതുമ്പലോടെ നാടിന്റെ നാനാ ഭാഗത്തുനിന്നും പതിനായിരത്തോളം ആളുകൾ ബലിതര്‍പ്പണത്തിനായി ശീട്ടാക്കിയിരുന്നു. പതിനായിരം പേര്‍ക്ക് ക്ഷേത്രം കമ്മിറ്റി സൗജന്യമായി പ്രഭാതഭക്ഷണം നല്കി. വാഹന പാര്‍ക്കിങ്, ക്ലോക്ക് റൂം എന്നിവക്കുള്ള സൗകര്യം ഒരുക്കിയിരുന്നു.
ബലിതര്‍പ്പണത്തിനുശേഷം തിലഹവനം, പിതൃസായൂജ്യ പൂജ എന്നിവ നടത്തി കാണിക്ക സമർപ്പണവും ദാനധർമവും നടത്തി തിരിച്ചുപോകുന്നവരുടെ ചുണ്ടിൽ അപ്പോഴും പ്രാർഥനാ മന്ത്രണം ബാക്കി.
ഒരേസമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് വാ കടപ്പുറത്ത് ഒരുക്കിയിരുന്നത്. ബലിയിടാന്‍ കടലില്‍ ഇറങ്ങുന്നവരുടെ സുരക്ഷക്കും മറ്റുമായി പോലീസ്, തീരദേശ പോലീസ്, കടലോര ജാഗ്രതാസമിതി, ആംബുലന്‍സ്, അഗ്നിരക്ഷാ സേന എന്നിവരു ടേയും സേവനമുണ്ടാവുമുണ്ടായിരുന്നു.
ക്ഷേതം ഭാരവാഹികളായ ദിലീപ് പാലപ്പെട്ടി, വിനയദാസ് താമരശേരി, വിക്രമൻ താമരശേരി വാക്കയിൽ വിശ്വനാഥൻ, വാസു തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.