ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ "ഇഎം കേരള 2024' സംഘടിപ്പിച്ചു
1483104
Friday, November 29, 2024 8:12 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ നടന്ന നാലാമത് എമർജൻസി മെഡിസിൻ കോണ്‍ഫറൻസ് "ഇഎം കേരള-2024' വൻവിജയം. അടിയന്തരചികിത്സാരംഗത്തെ പ്രഗത്ഭരായ ഡോക്ടർമാരെയും വിദ്യാർഥികളെയും ഒരുമിപ്പിച്ച സമ്മേളനം അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ വിദഗ്ധരുടെ സാന്നിധ്യംകൊണ്ടു സന്പന്നമായി. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം കെയുഎച്ച്എസ് അക്കാദമിക് കോളജ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ഉദ്ഘാടനചടങ്ങിൽ ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അസി. ഡയറക്ടർ ഫാ. പോൾ ചാലിശേരി, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ലോകാരോഗ്യസംഘടനയുടെ കോളാബറേറ്റിംഗ് സെന്റർ ഫോർ എമർജൻസി ആൻഡ് ട്രോമ കെയറിന്റെ ഡയറക്ടർ പ്രഫ. ഡോ. സഞ്ജീവ് ഭോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, എമർജൻസി വിഭാഗം മേധാവി ഡോ. ബാബു പാലാട്ടി, കോണ്‍ഫറൻസ് ചെയർമാൻ പ്രഫ. ഡോ. പി.സി. രാജീവ്, സെക്രട്ടറി ഡോ. അപ്പു ശുശീൽ എന്നിവർ പങ്കെടുത്തു.
23ന് ആരംഭിച്ച പ്രീ-കോണ്‍ഫറൻസ് ശില്പശാലകൾ അടിയന്തരചികിത്സയുടെ പ്രധാന മേഖലകളായ ഒഫ്താൽമോളജി, ഇഎൻടി, ഡെന്റൽ, പ്രസവാഘാതങ്ങൾ, വാസ്കുലർ ആക്സസ് ടെക്നിക്സ് തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചായിരുന്നു. ഡോ. സെറീന ഗിൽവാസ്, ഡോ. ആൻഡ്രൂസ്, ഡോ. ജോർജ്, ഡോ. ഫിലിപ്പ് മാത്യു, ഡോ. ലിനു ശേഖർ, ഡോ. ജ്യോതി ആന്റണി, ഡോ. നീതു എൻ. എന്നിവർ ശില്പശാലകൾക്കു നേതൃത്വം നൽകി.
കോണ്‍ഫറൻസിന്റെ ഭാഗമായി ഡോ. ജോജു മുക്കാട്ടുകര, ഡോ. സുജനപാൽ, ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ പ്രതിനിധികളായ ഡോ. വിജയ് ചഞ്ചൽ, ഡോ. ഡിയോ മാത്യു, ഡോ. സിജു വി. അബ്രഹാം, ഡോ. എറിൻ എലിസ സണ്ണി എന്നിവർ ചേർന്ന് സേഫ്റ്റി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പിജി വിദ്യാർഥിപ്രബന്ധങ്ങൾ, ഡോ. അവിന്ദ് ശ്രീകുമാർ നടത്തിയ എമർജൻസി പോസ്റ്റ് ഗ്രാഡ്വേറ്റ് ക്വിസ് എന്നിവയും ശ്രദ്ധേയമായി.