ഏകാദശി ഉദയാസ്തമനപൂജ: പ്രചാരണം അടിസ്ഥാനരഹിതമെന്നു ദേവസ്വം ചെയർമാൻ
1482600
Wednesday, November 27, 2024 8:22 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ നടക്കുന്ന ഉദയാസ്തമനപൂജ ആചാരപരമായ ചടങ്ങല്ലെന്നും അതു വഴിപാടാണെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 1998 ൽ ബുക്ക് ചെയ്ത പൂജകളാണ് ഇപ്പോൾ നടന്നുവരുന്നത്. ഭക്തജനങ്ങളുടെ സൗകര്യാർഥം ഉദയാസ്തമനപൂജ വഴിപാട് അവർക്കു മാറ്റിനൽകാറുണ്ട്.
ഏകാദശി ദിനത്തിൽ ഗുരുവായൂരിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ദർശനസൗകര്യം ഒരുക്കുന്നതിനായാണ് ഉദയാസ്തമനപൂജ മാറ്റിയത്. വൃശ്ചികത്തിലെ ഏകാദശിദിനത്തിൽ നടത്തേണ്ടിയിരുന്ന ഉദയാസ്തമന പൂജ തുലാം മാസത്തിലെ ഏകാദശിദിനത്തിൽ നടത്തി. കഴിഞ്ഞ ഏകാദശിദിനത്തിൽ മണിക്കൂറുകൾ വരിനിന്നിട്ടും തൊഴാൻ കഴിയാതിരുന്ന ഭക്തർ ഉണ്ടായിരുന്നു. വരിയിൽ നിൽക്കുന്ന സാധാരണക്കാരായ ഭക്തരുടെ മനസു കണ്ടാണു ഭരണസമിതി തീരുമാനം എടുത്തത്. തന്ത്രിയുടെ സമ്മതം ലഭിച്ചശേഷം ഭരണസമിതി ഒറ്റക്കെട്ടായാണു തീരുമാനമെടുത്തത്.
ഉദയാസ്തമനപൂജ മാറ്റുന്നതുസംബന്ധിച്ച് തന്ത്രി വ്യക്തിപരമായി ദേവപ്രശ്നം നടത്തി. തന്ത്രിയുടെ വസതിയിൽ നടന്ന ദേവപ്രശ്നത്തിൽ ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ദേവസ്വത്തെ അപകീർത്തിപ്പെടുത്തുന്നതിന് ബോധപൂർവമായി ചിലർ ശ്രമിക്കുന്നുണ്ട്. ഇക്കൂട്ടർ സോഷ്യൽ മീഡിയയിൽ വ്യക്തിപരമായി ചെയർമാനേയും തന്ത്രിയേയും ആക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തുന്നുണ്ട്. ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവരുടെ ഉദ്ദേശ്യം.
വിശേഷ ദിവസങ്ങളിൽ വിഐപി ദർശനം നിർത്തലാക്കിയതും സാധാരണക്കാരായ ഭക്തർക്കുവേണ്ടിയാണ്. ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടി ഭരണ സമിതി ഒറ്റ മനസായാണ് നിലകൊള്ളുന്നത്. ഭക്തജനങ്ങളിൽനിന്ന് ഒന്നും ഒളിക്കാനില്ലെന്നും ചെയർമാൻ അറിയിച്ചു.
ഏകാദശി ദിനത്തിൽ നടന്നിരുന്ന ഉദയാസ്തമന പൂജ മാറ്റിയതുമായി ബന്ധപ്പെട്ട് ദേവസ്വത്തിനെതിരെ ചില സംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിലാണ് ചെയർമാൻ കാര്യങ്ങൾ വിശദീകരിച്ചത്.
പത്രസമ്മേളനത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു.
ഗജരാജൻ കേശവൻ അനുസ്മരണത്തിന്
നാട്ടാനപരിപാലനനിയമം പാലിക്കും
ഗുരുവായൂർ: ദശമി ദിനത്തിൽ നടക്കുന്ന ഗജരാജൻ കേശവൻ അനുസ്മരണത്തിന്റെ ഭാഗമായുള്ള ഗജ ഘോഷയാത്ര കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാട്ടാന പരിപാലന നിയമത്തിനു വിധേയമായി നടത്തുമെന്ന് ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു.തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്രയിൽ ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കും. പൊതുജനങ്ങൾ ആനയ്ക്കുസമീപം എത്തുന്നതു നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. ഗജരാജ പ്രതിമക്ക് അരികേലിക്ക് ഒരാനയെമാത്രം കയറ്റും. ഈ സമയത്ത് മറ്റാരേയും ഇവിടേക്കു പ്രവേശിപ്പിക്കില്ല.
കേശവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്താൻ ആന കയറുന്നതിനുമുന്പ് അവസരം നൽകും. ഏകാദശി ദിനത്തിൽ പാർഥസാരഥി ക്ഷേത്രത്തിലേക്കു നടത്തുന്ന എഴുന്നള്ളിപ്പിന്റെ പ്രധാന്യം ജില്ലാഭരണകൂടത്തെ അറിയിക്കും. ഇതുസംബന്ധിച്ച് വനം വകുപ്പുദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം ദേവസ്വത്തിൽ ചേരും. 38 ആനകളുള്ള ഗുരുവായൂർ ദേവസ്വത്തെ ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട കേസിൽ കക്ഷിയാക്കിയിട്ടില്ല.
ദേവസ്വത്തിന്റെ ഭാഗം അറിയിക്കുന്നതിന് റിവ്യു ഹർജി നൽകുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു. ഏകദശിയുടെ തലേദിവസമായ ഡിസംബർ10 ന് രാവിലെയാണ് ഗജരാജൻ കേശവൻ അനുസ്മരണം നടക്കുന്നത്.