സൂര്യകാന്തി ഫെസ്റ്റിവൽ നാളെ മുതൽ
1482593
Wednesday, November 27, 2024 8:21 AM IST
തൃശൂർ: സൂര്യകാന്തി സ്റ്റുഡിയോ ഫോർ ക്ലാസിക്കൽ എക്സലൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന സൂര്യകാന്തി ഫെസ്റ്റിവലിനു നാളെ വൈകീട്ട് ആറിനു റീജണൽ തിയേറ്ററിൽ തുടക്കമാകും. പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഭദ്രദീപം തെളിയിക്കും.
ചടങ്ങിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ സൂര്യകാന്തി പുരസ്കാരം വീണവിദ്വാനും മുതിർന്ന ആചാര്യനുമായ എ. അനന്തപത്മനാഭനും മോഹിനിയാട്ട ആചാര്യയും ഗവേഷകയുമായ ഡോ. കലാമണ്ഡലം സുഗന്ധി പ്രഭുവിനും സമർപ്പിക്കും. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നാളെ വൈകീട്ട് 6. 30 നു ബാംഗ്ലൂർ പുണ്യ ഡാൻസ് കന്പനിയുടെ ആഭ എന്ന പ്രമേയാധിഷ്ഠിത ഭരതനാട്യ അവതരണം അരങ്ങേറും.
രണ്ടാംദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5. 30 നു ഫാ. തോമസ് ചക്കാലമറ്റത്ത് ഭദ്രദീപം തെളിയിക്കും. തുടർന്ന് ആറിനു നർത്തകി പ്രീതം ദാസ് ഗുപ്തയുടെ ഭരതനാട്യ കച്ചേരി, നർത്തകി മഞ്ജു വി. നായരും ജഗദീശ്വർ സുകുമാറും ചേർന്ന് അവതരിപ്പിക്കുന്ന നേയം എന്ന പ്രമേയാധിഷ്ഠിത ഭരതനാട്യ അവതരണം എന്നിവയും ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകീട്ട് 5. 30 നു നടക്കുന്ന സാംസ്കാരികസമ്മേളനവും പുരസ്കാരവിതരണവും മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സംഗീതസംവിധായകൻ വിദ്യാധരൻമാസ്റ്ററെ ചടങ്ങിൽ ആദരിക്കും. തുടർന്നു 6.30 ന് സൂര്യകാന്തി നൃത്തസംഗീതസഭയുടെ നാലാമത് ബാച്ചിന്റെ രംഗപ്രവേശനം, രാത്രി 7.30 ന് ഭരതനാട്യ കച്ചേരി രണ്ടാംഭാഗം അവതരണം എന്നിവയും നടക്കും.
സമാപനദിവസമായ ഞായറാഴ്ച വൈകീട്ട് 5.30 ന് പ്രഫ. ജോർജ് എസ്. പോൾ ദദ്രദീപം തെളിയിക്കും. 6.30 നു നർത്തകി മീര ശ്രീനാരായണന്റെ ഭരതനാട്യകച്ചേരി മുരുകാനുഭൂതി അവതരണവും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ബിജീഷ് കൃഷ്ണ, കലാമണ്ഡലം അക്ഷര ബിജീഷ്, കലാക്ഷേത്ര രാഖി സതീഷ്, ജി. ദീപ, സുധീർ തിലക് എന്നിവർ പങ്കടുത്തു.