കളക്ടർ ഉത്തരവിട്ടു; പാപ്പിനിപ്പാടത്തെ മരങ്ങള്‍ മുറിച്ചുതുടങ്ങി
1482596
Wednesday, November 27, 2024 8:22 AM IST
ചെങ്ങാലൂര്‍: പാപ്പിനിപ്പാടത്തെ നെല്‍കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാത്തവിധം പന്തലിച്ചുനിന്ന മദിരാശിമരങ്ങള്‍ മുറിച്ചുതുടങ്ങി. പാപ്പിനിപ്പാടം നെല്ലുത്പാദക സംഘവും കര്‍ഷകയായ ആനി ഈനാശുവും നല്കിയ പരാതിയിലാണു മരങ്ങള്‍ മുറിച്ചുനീക്കുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം വകുപ്പ് 13 പ്രകാരം ജില്ലാകളക്ടറാണ് മരങ്ങള്‍ മുറിച്ചുനീക്കി പാടശേഖരം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിറക്കിയത്.
സ്വകാര്യ വ്യക്തിയുടെ പാടത്തിനുചുറ്റുമാണ് നാലുവര്‍ഷം മുന്പ്് മദിരാശി മരങ്ങള്‍ നട്ടതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരെ കര്‍ഷകര്‍ അന്നുമുതല്‍ പരാതിയുമായി രംഗത്തുണ്ടായിരുന്നു. പെട്ടെന്നുവളര്ന്ന് പന്തലിച്ച മരങ്ങളുടെ ഇലകള്‍ കൊഴിഞ്ഞും വേരുകള്‍ ഇറങ്ങിയും സൂര്യപ്രകാശം ലഭിക്കാതെയും വന്നതോടെ കര്‍ഷകര്‍ക്കു കനത്ത കൃഷിനാശമാണു സംഭവിച്ചത്. മൂന്നുപൂ കൃഷിയിറക്കാന്‍ അനുയോജ്യമായ പാടത്ത് ഒരു തവണ പോലും കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനിടെ പാടത്ത് അനധികൃതമായി ചാലുകള്‍ തീര്‍ത്ത തോടെ കൃഷിയാവശ്യത്തിനുള്ള യന്ത്രങ്ങള്‍ ഇറക്കാനും ബുദ്ധിമുട്ട് നേരിട്ടു. പാടത്ത് മരങ്ങളുടെ വേരുകള്‍ പടര്‍ന്നതോടെ കാല്‍ഭാഗം പോലും വിളവും ലഭിക്കാതെയായി.
പ്രശ്നം രൂക്ഷമായതോടെ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി കണ്‍വീനറായ കൃഷി ഓഫീസര്‍ സ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുകയായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു രൂപമാറ്റം വരുത്തിയ പാടശേ ഖരം പൂര്‍വസ്ഥിതിയിലാക്കാന്‍ കളക്ടര്‍ ഉത്തരവിറക്കിയത്.
വകുപ്പ് 13 പ്രകാരം നടപടിയെടുക്കുന്നതിന് നാലുവര്‍ഷം വൈ കിയതുമൂലം നെല്‍കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കാര്‍ഷിക അഭിവൃദ്ധി ഫണ്ടില്‍നിന്ന് അനുവദിച്ച് നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.