ആമ്പല്ലൂര്‍ അടിപ്പാത: നവീകരിച്ച രൂപരേഖ ദേശീയപാത അഥോറിറ്റിക്ക് സമര്‍പ്പിച്ചു
1482597
Wednesday, November 27, 2024 8:22 AM IST
പുതുക്കാട്: ദേശീയപാതയിലെ ആമ്പല്ലൂര്‍ അടിപ്പാതയുടെ നവീകരിച്ച രൂപരേഖ ദേശീയപാത അഥോറിറ്റിക്കു സമര്‍പ്പിച്ചു. നിര്മാണചുമതലയുളള കരാര്‍കമ്പനി തയാറാക്കിയ രൂപരേഖ ദേശീയപാത അഥോറിറ്റിയുടെ കണ്‍സൾട്ടന്‍സി അംഗീകരിക്കുന്ന മുറയ്ക്കു നിര്‍മാണം തുടങ്ങും.
20 മീറ്റര്‍ വീതിയും അഞ്ചര മീറ്റര്‍ ഉയരവുമുളള അടിപ്പാതയുടെ ഘടന മാറ്റുന്നതിനു കരാര്‍ കമ്പനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും നിര്‍ദിഷ്ട അളവില്‍ രൂപരേഖ അംഗീകരിക്കുകമാത്രമാണ് എന്‍എച്ച്എഐയുടെ ചുമതലയെന്നും പ്രോജക്ട് ഡയറക്ടര്‍ അന്‍സില്‍ ഹസന് പറഞ്ഞു.
പ്രാഥമിക തയാറെടുപ്പുകള്‍ പോലുമില്ലാതെ അറിയിച്ചിരുന്നതിനെക്കാള് നേരത്തേയാണ് ആമ്പല്ലൂരില്‍ അടിപ്പാതനിര്‍മാണം തുടങ്ങിയത്. എന്നാല്‍ രണ്ടുമാസത്തോളമായിട്ടും പണിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സര്‍വീസ് റോഡിന്റെ ഒരു ഭാഗം ടാറിട്ട് നന്നാക്കിയതിനാല്‍ ഗതാഗതപ്രശ്നം ഒരു പരിധിവരെ നിയന്ത്രണവിധേയമാണ്.
സെപ്റ്റംബര്‍ 24നാണ് ആമ്പല്ലൂര്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം തുടങ്ങിയത്. എന്നാല്‍ 15 അടിയിലേറെ താഴ്ചയില്‍ കുഴിയെടുത്തശേഷമാണ് മണ്ണിന്റെ ബലക്കുറവ് കണ്ടെത്തിയത്. അതോടെ കുഴിച്ച കുഴികള്‍ മൂടുകയും അടിപ്പാതയുടെ പ്രധാന പില്ലറുകളുടെ പണി നിലയ്ക്കുകയുമായിരുന്നു.
നീര്‍ത്തടങ്ങള്‍ ഏറെയുള്ള പ്രദേശത്ത് മണ്ണുപരിശോധന നടത്താതെ പില്ലറുകള്‍ക്കു കുഴിയെടുത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് കരാര്കമ്പനിയോട് അടിപ്പാതയുടെ ഘടന മാറ്റി പുതിയ രൂപരേഖ തയാറാക്കാന്‍ നിര്‍ദേശിച്ചത്.
ദേശീയപാതയില്‍ ദിവസേന 50,000 വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്താണ് നിര്‍ദിഷ്ട വെഹിക്കുലാര്‍ അണ്ടര്‍ പാസേജ് വരുന്നത്. സാധാരണ അടിപ്പാതകളില്നിന്ന് വ്യത്യസ്തമായി വലിയ വാഹനങ്ങള്‍ക്കു മുകളിലൂടെ കടന്നുപോകാന്‍ സൗകര്യമുള്ള വലിയ പാലമാണ് ആമ്പല്ലൂര്‍ സെന്ററിലൂടെ കടന്നുപോകുന്നത്. മണലി പാലത്തിനു സമീപത്തു നിന്ന് ആരംഭിക്കുന്ന അടിപ്പാത ആമ്പല്ലൂര്‍ സെന്റര്‍ കടന്ന് ശ്രീലക്ഷ്മി തിയേറ്ററിനു സമീപത്തായാണ് ദേശീയപാതയില്‍ ചേരുന്നത്.
ഒരേസമയം അടിപ്പാതയുടെയും സര്‍വീസ് റോഡിന്റെയും പണി ആരംഭിച്ചതാണ് ആമ്പല്ലൂരിലെ ഗതാഗതപ്രശ്നത്തിന് ആക്കംകൂട്ടിയത്.