ട്രെയിനിൽ കഞ്ചാവുലഹരിയിൽ ഉത്തരേന്ത്യൻ മോഷ്ടാക്കൾ
1483107
Friday, November 29, 2024 8:12 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ട്രെയിനുകളിൽ കഞ്ചാവിന്റെ ലഹരിയിൽ മോഷണത്തിനിറങ്ങി ഉത്തരേന്ത്യൻ പിടിച്ചുപറിസംഘങ്ങൾ. തടയിടാൻ സ്റ്റേഷൻ പരിധിക്കു കിലോമീറ്ററുകൾക്കപ്പുറത്തുനിന്നുതന്നെ പരിശോധന തുടങ്ങി തൃശൂർ റെയിൽവേ പോലീസ്.
ആലുവയിലാണ് ഉത്തരേന്ത്യൻ മോഷണസംഘങ്ങൾ തന്പടിക്കുന്നത്. കോയന്പത്തൂരിൽനിന്നും ആലുവയിൽനിന്നും ഇവർ ട്രെയിനിൽ കയറുന്നു. ഇവർക്കിടയിൽ ചെറുമോഷണങ്ങൾ നടത്തി മലയാളികളും തമിഴരുമായ പിടിച്ചുപറിസംഘങ്ങളും വിലസുന്നുണ്ട്.
പോക്കറ്റടി, മാല, മൊബൈൽ, വാച്ച് മോഷണങ്ങളാണു നടത്തുന്നത്. ഒറ്റയ്ക്കു യാത്രചെയ്യുന്നവരെയും ഉറങ്ങുന്നവരെയും ഉന്നമിടുന്നു. പലപ്പോഴും വിലപിടിപ്പുള്ളവ നഷ്ടപ്പെട്ടു മണിക്കൂറുകൾക്കുശേഷമായിരിക്കും മോഷണവിവരം യാത്രികർ അറിയുക. തുടർന്നു പരാതിപ്പെട്ടാലും അതിനുമുന്പേ മോഷ്ടാവ് ഏതെങ്കിലും സ്റ്റേഷനുകളിലിറങ്ങി രക്ഷപ്പെട്ടിട്ടുണ്ടാകും.
ഇതു തിരിച്ചറിഞ്ഞാണ് തൃശൂർ റെയിൽവേ പോലീസ് മോഷ്ടാക്കളെ പിടികൂടാൻ സ്റ്റേഷൻ പരിധിക്കു കിലോമീറ്ററുകൾക്കപ്പുറത്തുനിന്നുതന്നെ പരിശോധന തുടങ്ങുന്നത്. സംശയം തോന്നുന്നവരെ അവരറിയാതെ നിരീക്ഷിച്ചാണു മോഷ്ടാക്കളെ കുടുക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗുരുവായൂരിൽനിന്നും മറ്റുമായി മൂന്നു മോഷ്ടാക്കളെ പോലീസ് പിടികൂടി.
ചെറുതുരുത്തിമുതൽ കറുകുറ്റിവരെയുള്ള തൃശൂർ റീജിയനിലെ മോഷണപരാതികൾ ഇല്ലാതാക്കാൻ തൃശൂർ റെയിൽവേ പോലീസിനു കോയന്പത്തൂർമുതൽ എറണാകുളംവരെ സഞ്ചരിക്കേണ്ടിവരുന്നു. പലപ്പോഴും മോഷ്ടാക്കളെ ശ്രദ്ധിക്കണമെന്നു യാത്രികരോടു പറയുന്പോൾ അവഹേളനമാണുണ്ടാകാറുള്ളതെന്നു പോലീസ് പറഞ്ഞു. ഇത്തരത്തിൽ പെരുമാറിയവർതന്നെ പിന്നീട് പരാതിയുമായി എത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കഞ്ചാവിന്റെയും മറ്റും ലഹരിയിൽ ആളുകളെ ക്രൂരമായി ഉപദ്രവിക്കാനും മോഷ്ടാക്കൾക്കു മടിയില്ല.
തൃശൂരിലൂടെ ദിനംപ്രതി കടന്നുപോകുന്ന ഇത്രയും ട്രെയിനുകളിൽ പരിശോധനയ്ക്കായി ആകെ 37 പോലീസാണുള്ളത്. അതിനാൽ യാത്രികരുടെകൂടെ സഹകരണമുണ്ടെങ്കിലേ ട്രെയിനിലെ മോഷണങ്ങൾ തടയാനാകൂവെന്ന് എസ്ഐ കെ.ഒ. തോമസ് പറഞ്ഞു.