കാളീച്ചയുടെ ആക്രമണം: 60 ഏക്കർ പാടത്തെ നെൽച്ചെടികൾ നാശത്തിന്റെ വക്കിൽ
1482598
Wednesday, November 27, 2024 8:22 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂർ പാടശേഖരത്തിലെ നെൽവയലുകളിൽ കാളീച്ചയുടെ ആക്രമണം. അറുപത് ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെൽച്ചെടികൾ നാശത്തിന്റെ വക്കിൽ; കർഷകർ ആശങ്കയിൽ. നടീൽ കഴിഞ്ഞ് 50 ദിവസം വളർച്ചയെത്തിയ നെൽച്ചെടികളിലാണു രോഗംപടർന്ന് പിടിക്കുന്നത്. നെൽച്ചെടികളിൽ വെള്ള ക്കൂമ്പ് വരികയും കതിരിടാൻ കഴിയാത്ത അവസ്ഥയുമാണ് ഇപ്പോൾ കാണുന്നത്. ഇതിന് പുറമെ ഓലച്ചുരുട്ടി പുഴുവിന്റെ ആക്രമണവും ഇല കരിച്ചിൽ രോഗവും അനുഭവപ്പെടുന്നുണ്ട്. കൃഷി ഓഫീസർ എ.വി. വിജിതയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. എരുമപ്പെട്ടിയിലെ വിവിധ പാടശേഖരങ്ങളിലും നെൽ ച്ചെടികളിൽ ഇത്തരത്തിലുള്ള രോഗങ്ങൾ കാണുന്നുണ്ടെന്ന് കൃഷി ഓഫീസർ പറഞ്ഞു.
കൃഷി വകുപ്പിന്റെ നിർദേശപ്രകാരം രണ്ടുതവണ മരുന്നടിച്ചിട്ടും രോഗം പടരുന്നത് തടയാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. 30 കർഷകരാണ് കരിയന്നൂർ പാടശേഖരത്തിൽ കൃഷി ചെയ്യുന്നത്. നെൽകൃഷി ചുരുങ്ങിവരുന്ന കാലഘട്ടത്തിൽ കടം വാങ്ങിയും പാട്ടത്തിനെടുത്ത വയലുകളിലുമാണ് ഭൂരിഭാഗം കർഷകരും കൃഷി ചെയ്തിട്ടുള്ളത്. രോഗം തടയാൻ കഴിയാത്തത് വൻ കൃഷിനാശമുണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ.
വേലൂർ പഞ്ചായത്തിലെ പഴവൂർ പാടശേഖരത്തിലും പുഴുശല്യം ബാധിച്ചിട്ടുണ്ട്. പന്ത്രണ്ട് ഏക്കർ നെൽവയലിലാണ് രോഗം പടർന്നിട്ടുള്ളത്.