അനധികൃത മത്സ്യബന്ധനം: ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു
1482857
Thursday, November 28, 2024 8:43 AM IST
അഴീക്കോട്: കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥസംഘം പിടികൂടി.
എറണാകുളം ജില്ലയിലെ മുനമ്പം പോണത്ത് രാജേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സഞ്ജു എന്ന ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിലല്ലാതെ കാണപ്പെട്ട (12 സെന്റീമീറ്ററിൽതാഴെ വലിപ്പമുള്ള) 7500 കിലോ കിളിമീനാണ് ബോട്ടിലുണ്ടായിരുന്നത്.
തുടർനടപടികൾ പൂർത്തീകരിച്ച് 2,50,000 പിഴ ഈടാക്കി. ഉപയോഗയോഗ്യമായ 44,000 രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനുതാഴെ പിടികൂടുന്നതു കുറ്റകരമാണ്. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനികളിലേക്കാണ് വ്യാപകമായി ചെറുമത്സ്യങ്ങൾ കയറ്റിപ്പോകുന്നത്.
എഎഫ്ഇഒ സംന ഗോപൻ, മെക്കാനിക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ പ്രശാന്ത് കുമാർ, ഷിനിൽകുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ ഫസൽ, ഷിഹാബ്, സ്രാങ്ക് ദേവസി മുനമ്പം, എൻജിൻ ഡ്രൈവർ ഫിലിക്സ് എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്.
അനധികൃത മത്സ്യബന്ധനത്തിനെതിരേ കർശന പരിശോധന തുടരുമെന്നു തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾ മജീദ് പോത്തനൂരാൻ അറിയിച്ചു.