പാലം പണി പുനരാരംഭിക്കാൻ ധാരണയായി
1482847
Thursday, November 28, 2024 8:43 AM IST
കൊരട്ടി: ഗ്രാമപഞ്ചായത്തിലെ നാലുകെട്ട് വാർഡിൽ വാലുങ്ങാമുറി - നാലുകെട്ട് റോഡിനെയും ഇരട്ടച്ചിറ റോഡിനെയും ബന്ധിപ്പിക്കുന്ന കനാലിനു കുറുകെയുള്ള പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ തീരുമാനം. "പാലംപണി അനിശ്ചിതത്വത്തിൽ; പ്രദേശവാസികൾ പ്രക്ഷോഭത്തിന്' എന്ന ശീർഷകത്തിൽ തിങ്കളാഴ്ച ദീപിക നൽകിയ വാർത്തയെതുടർന്നാണ് നടപടി.
കാലപ്പഴക്കവും പ്രദേശവാസികൾ വർഷങ്ങളായി ഉന്നയിച്ച ആവശ്യവും പരിഗണിച്ച് പാലം പുനർനിർമിക്കണമെന്ന കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പ് 25 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാണം ആരംഭിച്ചത്. എന്നാൽ അനുവദിച്ച നിർമാണപ്രവൃത്തികൾ വെട്ടിച്ചുരുക്കി തുക മറ്റിടങ്ങളിലേക്കും വകമാറ്റാനുള്ള ഇറിഗേഷൻ അധികൃതരുടെ നീക്കം പ്രതിഷേധത്തിനിടയാക്കി.
പുനർനിർമാണത്തിന്റെ ഭാഗമായി നിലവിലെ പാലം പൊളിച്ചുമാറ്റിയിരുന്നു. വാർത്തയെതുടർന്ന് വിവിധ തലങ്ങളിൽ നടന്ന ചർച്ചയെതുടർന്നാണ് പുനരാരംഭിക്കാൻ തീരുമാനമായത്.
എസ്റ്റിമേറ്റിൽ നിർദേശിച്ചിരിക്കുന്ന 5.3 മീറ്ററിൽതന്നെ പാലം നിർമിക്കണമെന്ന ആവശ്യത്തിൽ വാർഡ് മെമ്പറും പ്രദേശവാസികളും ഉറച്ചുനിന്നതോടെ ഉദ്യാേഗസ്ഥർ സ്ഥലത്തെത്തുകയും അനുവദിച്ച തുകയിലും വീതിയിലും നിർമാണം പുനരാരംഭിക്കാൻ സന്നദ്ധമാവുകയുമായിരുന്നു.