തെരുവുനായ്ക്കൾക്കെതിരേ ഒറ്റയാൾസമരപ്പോരാട്ടം
1482599
Wednesday, November 27, 2024 8:22 AM IST
പാവറട്ടി: നായ്ക്കളിൽനിന്ന് മനുഷ്യരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നജിം കളങ്ങരയുടെ ഒറ്റയാൾ സമരപ്പോരാട്ടം ജില്ലയിലെത്തി. കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശിയും പൊതുപ്രവർത്തകനുമായ നജിം കേരളപ്പിറവി ദിനത്തിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നാണ് പ്രതീകാത്മക പ്രതിഷേധസമരം ആരംഭിച്ചത്. തെരുവുനായയുടെ വേഷത്തിൽ വീൽചെയർ ഉന്തി പഞ്ചായത്ത് ഓഫീസിൽ എത്തി തെരുവുനായകൾക്ക് പഞ്ചായത്തുകൾ തോറും ഷെൽട്ടറുകൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകുന്നത്.
പഞ്ചായത്ത് ഓഫീസുകൾക്കു മുന്നിലും പ്രധാന കേന്ദ്രങ്ങളിലും ബോധവത്കരണ ലഘുനാടകവും ഇദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. നാട്ടുകാർ നൽകുന്ന ഭക്ഷണംകഴിച്ച് പെട്രോൾ പമ്പുകളിലും കടത്തിണ്ണകളിലുമാണ് രാത്രി ഉറങ്ങുന്നതിനും വിശ്രമിക്കുന്നതിനും ഇദ്ദേഹം സ്ഥലം കണ്ടെത്തുന്നത്. എല്ലാ ജില്ലകളിലും പര്യടനം നടത്തി ജനപ്രതിനിധികളെയും ജനങ്ങളെയും ബോധവത്കരിക്കുകയും തുടർന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുകയുമാണ് കളങ്ങരയുടെ ലക്ഷ്യം.