ജില്ലാ കോണ്ഗ്രസ് കമ്മിറ്റി; അധ്യക്ഷനെ കണ്ടെത്താൻ നാളെ വയനാട്ടിൽ ചർച്ച
1483110
Friday, November 29, 2024 8:12 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തുടർച്ചയായ തെരഞ്ഞെടുപ്പുതോൽവികൾക്കിടയിൽ തൃശൂർ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിക്ക് അധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ച നാളെ നടന്നേക്കും. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു നൽകുന്ന സ്വീകരണച്ചടങ്ങിനോട് അനുബന്ധിച്ചാകും ചർച്ചയെന്നാണു വിവരം. 30, ഡിസംബർ ഒന്ന് തീയതികളിലാണ് പ്രിയങ്കയുടെ പര്യടനം. ഈ ദിവസങ്ങളിൽ ചർച്ച നടന്നില്ലെങ്കിൽ ഉടൻതന്നെ ഡൽഹിയിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നാണു വിവരം.
തൃശൂർ പാർലമെന്റ് തോൽവിക്കുപിന്നാലെ ചേലക്കരയിലും പരാജയപ്പെട്ടതോടെ സംസ്ഥാന നേതൃത്വത്തിനെതിരേ മുതിർന്ന നേതാക്കളടക്കം രംഗത്തുവന്നിരുന്നു. തൊലിപ്പുറത്തെ ചികിത്സകൊണ്ടു കാര്യമില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുൻസ്പീക്കറായ തേറന്പിൽ രാമകൃഷ്ണന്റെ പ്രതികരണം. പ്രാദേശികമായി തീരുമാനമെടുക്കാൻ ഫലപ്രദമായ സംവിധാനമുണ്ടാകുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്റെ തോൽവിക്കു പിന്നാലെ ഡിസിസിയിലുണ്ടായ പൊട്ടിത്തെറിയും വിഭാഗീയതയും പരിഹരിക്കാൻ സംസ്ഥാനനേതൃത്വത്തിനു കഴിഞ്ഞിട്ടില്ല.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എംപി ടി.എൻ. പ്രതാപൻ, എം.പി. വിൻസെന്റ് എന്നിവർക്കെതിരേ വൻപ്രതിഷേധമുയർന്നിരുന്നു. വള്ളൂരിന്റെ സ്ഥാനം തെറിച്ചു. പോലീസ് കേസും വിഴുപ്പലക്കലുമുണ്ടായി. മുൻഎംഎൽഎ അനിൽ അക്കര ഉൾപ്പെടെയുള്ളവർക്കെതിരേ ആഴ്ചകളോളം പോസ്റ്റർ പ്രതിഷേധവും അരങ്ങേറി.
നേതാക്കൾക്കെതിരേ പ്രവർത്തകരും ഒരുവിഭാഗം പ്രാദേശികനേതാക്കളും രംഗത്തെത്തി. നേതൃയോഗങ്ങളിൽ ജോസ് വള്ളൂർ അടക്കമുള്ളവർക്കെതിരേ പ്രതിപക്ഷനേതാവും രൂക്ഷവിമർശനം ഉന്നയിച്ചു.
തോൽവി സംബന്ധിച്ചു കെപിസിസി സമിതി അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് വെളിച്ചംകണ്ടില്ല. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനു താൽക്കാലികചുമതല നൽകി പ്രശ്നപരിഹാരത്തിനു മൂന്നുമാസം സമയം നൽകിയെങ്കിലും അഞ്ചുമാസം കഴിഞ്ഞിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അധ്യക്ഷന്റെ വരവും നീണ്ടു.
ചേലക്കര തെരഞ്ഞെടുപ്പിൽ ചുമതലകൾ നേരത്തേ നിശ്ചയിച്ചു പ്രവർത്തനം തുടങ്ങിയതു പുതിയ ഉണർവായി വിലയിരുത്തിയെങ്കിലും തോൽവിയോടെ വിമർശനം വീണ്ടും തലപൊക്കി. പാർലമെന്റ് തോൽവിയിൽ ആരോപണവിധേയരുടെ വിശ്വസ്തരെ പ്രസിഡന്റാക്കിയാൽ എതിർക്കുമെന്നു വിമതനേതാക്കളും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് നിശ്ചയിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിനുമുന്പ് പുതിയ അധ്യക്ഷനെ നിയമിച്ചില്ലെങ്കിൽ തോൽവി തുടർക്കഥയാകുമെന്നും പ്രവർത്തകർ അംഗീകരിക്കുന്ന വ്യക്തിയെ ചുമതല ഏല്പിക്കണമെന്നുമാണ് മുതിർന്ന നേതാക്കളുടെ നിലപാട്.