പല്ലൊട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി സംവദിച്ചു
1482584
Wednesday, November 27, 2024 8:21 AM IST
കരൂപ്പടന്ന: കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളൻഡിയര്‍മാര്‍ പല്ലൊട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി സംവദിച്ചു. തൊണ്ണൂറ് കാലഘട്ടത്തിലെ ജീവിതത്തെയും, അക്കാലത്തെ സ്കൂള്‍ കുട്ടികളുടെ അനുഭവങ്ങളെയും ജീവിത സാഹചര്യത്തെയും അതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന സിനിമയാണ് പല്ലൊട്ടി. സംവിധായകന് ജിതിന് രാജ്, തിരക്കഥാകൃത്ത് ദീപക് വാസന്, ക്യാമറാമാന് ഷാരോണ്‍ ശ്രീനിവാസ്, അഭിനേതാക്കളായ ഡാവിഞ്ചി, നീരജ് കൃഷ്ണ, ഫൈസല്‍ അലി എന്നിവരാണ് സ്കൂളിലെത്തിയത്.
പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് നടന്ന പരിപാടി എന്‍എസ്എസ് വോളൻഡിയര്‍മാർ തയ്യാറാക്കിയ പല്ലൊട്ടിയുടെ ക്ലാപ്പ് ബോര്‍ഡ് അടിച്ച് കൊണ്ട് ഫിലിം ഡയറക്ടര്‍ ജിതിന് രാജ് ഉദ്ഘാടനം ചെയ്തു. പഴയ കാല ജീവിതത്തില്‍ നിന്നും ആധുനിക കാലത്തെത്തിയപ്പോള്‍ സൗഹൃദത്തിന്റെ ആഴം കുറഞ്ഞുവരുന്നതായി സൗഹൃദത്തിന്റെ കഥ പറയുന്ന സൗഹൃദ കൂട്ടായ്മയായ അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പല്ലൊട്ടിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരൂപ്പടന്ന സ്കൂള്‍ വിദ്യാര്‍ഥി കൂടിയായ ഡാവിഞ്ചിക്ക് ഏറ്റവും നല്ല ബാലനടനുള്ള സംസ്ഥാന അവാര്‍ഡും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.
സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയായ ഫൈസല്‍ അലിയും ഈ സിനിമയില്‍ ജോണ്സന് മാഷ് എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.എം. നജഹ, വളണ്ടിയേഴ്സായ ചാന്ട്രോണ്, ഷബാന ഫാത്തിമ, അല്ഷാനിഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.