ഫാത്തിമ സാറയുടെ സന്മനസിന് പൊന്നോളം തിളക്കം
1483113
Friday, November 29, 2024 8:12 AM IST
കൊടുങ്ങല്ലൂർ: നന്മയുടെ പാഠപുസ്തകമായി ഒമ്പതാം ക്ലാസുകാരി ഫാത്തിമ സാറ. അച്ഛന്റെ
ശസ്ത്രക്രിയയ്ക്കു പണമില്ലാതെ വിഷമിക്കുന്ന സഹപാഠിയുടെ കണ്ണീരൊപ്പാൻ കമ്മൽ ഊരിനൽകി ഒമ്പതാംക്ലാസ് വിദ്യാർഥിനി നന്മയുടെ പാഠപുസ്തകമായി.
ഗുരുതരമായ കരൾരോഗം ബാധിച്ച കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി ചെറുവുള്ളിൽ രാജുവിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സഹായസമിതി രൂപീകരിച്ചു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
കൊടുങ്ങല്ലൂർ കെകെടിഎം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന രാജുവിന്റെ മകളുടെ സങ്കടം കണ്ടറിഞ്ഞ ഒമ്പതാംക്ലാസ് വിദ്യാർഥിനി ഫാത്തിമ സാറ താൻ അണിഞ്ഞിരുന്ന സ്വർണക്കമ്മൽ ചികിത്സാ ചെലവിലേക്കായി നൽകാൻ സന്നദ്ധയാകുകയും ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിക്കുകയുമായിരുന്നു.
സ്കൂൾ അസംബ്ലിയിൽനടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ഷൈനി ആന്റോയ്ക്ക് ഫാത്തിമ സാറ കമ്മൽ കൈമാറി. പിടിഎ പ്രസിഡന്റ് പി.ബി. രഘു അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ നവാസ് പടുവിങ്ങൽ, സീനിയർ അസിസ്റ്റന്റ്് ഏലിയാമ്മ, സ്റ്റാഫ് സെക്രട്ടറി നിമ്മി മേപ്പുറത്ത് എന്നിവർ പങ്കെടുത്തു.