ദേശീയപാത മുറിച്ചുകടക്കാനുള്ള ഭാഗം അടച്ചുകെട്ടി; പ്രതിഷേധവുമായി നാട്ടുകാരും വിദ്യാർഥികളും
1482854
Thursday, November 28, 2024 8:43 AM IST
മണ്ണുത്തി: ബദൽ സംവിധാനം ഒരുക്കാതെ ദേശീയപാത ആറുവരി പാതയിലെ മുല്ലക്കര ഡോൺ ബോസ്കോ സ്കൂളിനു മുന്നിലും വെട്ടിക്കലിലും ദേശീയപാത കുറകെ കടക്കുന്ന ഭാഗം അടച്ചതിനെതിരെ നാട്ടുകാരും വിദ്യാർഥികളും രംഗത്ത്. കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയും ഒപ്പുശേഖരണവും നടത്തി. മുല്ലക്കര ഡോൺ ബോസ്കോ സ്കൂൾ പരിസരത്തുനടന്ന പ്രതിഷേധം മുൻ എംഎൽഎ എം.പി. വിൻസന്റ്് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.യു. മുത്തു അധ്യക്ഷത വഹിച്ചു. ആറുവരിപ്പാത നിർമാണത്തിന്റെ സർവേ നടക്കുന്ന സമയത്തുതന്നെ മുളയം റോഡിൽ അടിപ്പാതയും ഡോൺ ബോസ്കോ സ്കൂളിന്റെ മുമ്പിൽ സ്കൈവാക്കും നിർമിക്കണമെന്നുള്ള ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നതാണ്.
ആവശ്യങ്ങൾ നടപ്പിലാക്കുന്നതുവരെ പൊതുജനങ്ങളെ മുന്നിൽനിർത്തി സമരം ശക്തമാക്കുമെന്ന് എം.പി. വിൻസന്റ്് പറഞ്ഞു. ഫാ. ബാബു മണിശേരി , ഫാ. കെ.ഡി. ജോസഫ് , ഫാ. നിതിൻ ചക്കിമംഗലത്ത്, ടിറ്റോ തോമസ്, ആനി ജോർജ് എന്നിവർ പ്രസംഗിച്ചു.