ഭാര്യ ജീവനൊടുക്കി; ഭർത്താവിനു കഠിനതടവും പിഴയും
1482588
Wednesday, November 27, 2024 8:21 AM IST
ചാവക്കാട്: ഭർത്താവിന്റെ മദ്യപാനത്തിലും മർദനത്തിലും മനംനൊന്ത് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിനതടവും പിഴയും ശിക്ഷ. ഏങ്ങണ്ടിയൂർ ചന്തപ്പടി പൊറ്റയിൽ
ഉണ്ണികൃഷ്ണ(55)നെയാണ് ഏഴരവർഷത്തെ കഠിനതടവിനും 15,000 രൂപ പിഴയടയ്ക്കാനും ചാവക്കാട് അസി.സെഷൻസ് കോടതി ശിക്ഷിച്ചത്.
2019 സെപ്റ്റംബർ 12ന്, തിരുവോണനാളിൽ രാത്രി ഒമ്പതിനാണ് പ്രതിയായ ഉണ്ണികൃഷ്ണന്റെ ഭാര്യ തളിക്കുളം കുട്ടംപറമ്പത്ത് അപ്പുവിന്റെ മകൾ ഷീജ(50) സ്വന്തംവീട്ടിൽ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്. 30 വർഷംമുമ്പായിരുന്നു ഉണ്ണികൃഷ് ണൻ - ഷീജ വിവാഹം. കല്യാണസമയത്ത് 20 പവൻ സ്വർണവും പതിനായിരംരൂപയും നൽകിയിരുന്നു. അന്നുമുതല്‍ ഉണ്ണികൃഷ്ണൻ കൂടുതല്‍ പണവും സ്വർണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി മർദിക്കാറുണ്ട്.
സഹിക്കവയ്യാതെ ഷീജയും മകനും അമ്മയുടെ വീട്ടിലേക്ക് താമസംമാറി. പിന്നീട് പ്രതിയും അവിടെവന്ന് താമസമാക്കി. മദ്യപിച്ചുവന്ന് ഭാര്യാമാതാവ് ഹൈമാവതിയെയും ഉപദ്രവിക്കുന്നത് പതിവാക്കി. ഇതുസംബന്ധിച്ച് പോലീസ്സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തിരുവോണദിവസം ഷീജയുടെ അനുജത്തിയുടെ മകളും ഭർത്താവും വീട്ടിലുള്ളപ്പോള്‍ ഉണ്ണികൃഷ്ണൻ മദ്യപിച്ചെത്തി ഷീജയെ മർദിച്ചു. തുടർന്നാണ് ഷീജ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യത്. മജിസ്ട്രേറ്റിനു ഷീജ നൽകിയ മരണമൊഴിയില്‍ ആത്മഹത്യക്കുകാരണം ഭർത്താവാണെന്നു വ്യക്തമാക്കിയിരുന്നു.
വാടാനപ്പിള്ളി എസ്ഐ ടി. അനിൽകുമാർ മേപ്പിള്ളി അന്വേഷണംനടത്തി. ഡിവൈഎസ്പി ഫേമസ് വർഗീസ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.