ചെമ്പൈ: സംഗീതാർച്ചനകൾ തുടങ്ങി
1482859
Thursday, November 28, 2024 8:43 AM IST
ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായുള്ള സംഗീതാർച്ചനകൾക്ക് തുടക്കമായി. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ ക്ഷേത്ര ശ്രീലകത്തുനിന്നു കൊണ്ടുവന്ന ദീപം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് തെളിയിച്ചതോടെയാണ് സംഗീതാർച്ചന തുടങ്ങിയത്.
ക്ഷേത്രം അടിയന്തരക്കാരുടെ മംഗളവാദ്യത്തോടെയാണ് തുടക്കംകുറിച്ചത്. സേതുമാധവന്റെ നാദസ്വര കച്ചേരിയായിരുന്നു ആദ്യം. തുടർന്ന് ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ ഡോ. മണികണ്ഠൻ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ്, ആനയടി പ്രസാദ് എന്നിവർ തുടർന്ന് സംഗീതാർച്ചന നടത്തി.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഇന്നത്തെ വിശേഷാൽ കച്ചേരികൾ
വൈകിട്ട് 6-7: ഐശ്വര്യ വിദ്യ രഘുനാഥ്, വായ് പാട്ട്, രാത്രി 7-8: ഭരത് സുന്ദർ,വായ് പാട്ട്, രാത്രി 8-9: കൃഷ്ണനാട്ടം പദകച്ചേരി, ദേവസ്വം കലാനിലയം