ചെമ്പൈ സംഗീതോത്സവത്തിനു തിരിതെളിഞ്ഞു
1482590
Wednesday, November 27, 2024 8:21 AM IST
ഗുരുവായൂർ: സുവർണജൂബിലി നിറവിൽ ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതമണ്ഡപത്തിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനംചെയ്തു.
സംഗീതലോകത്തു സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു ചെമ്പൈ വൈദ്യനാഥഭാഗവതരെന്നു മന്ത്രി ആർ. ബിന്ദു അഭിപ്രായപെട്ടു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനായി. വയലിൻകലാകാരി എ. കന്യാകുമാരിക്ക് ചെമ്പൈ പുരസ്കാരം മന്ത്രി സമർപ്പിച്ചു. മികച്ച പിന്നണിഗായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സംഗീത സംവിധായകൻ പി.എസ്. വിദ്യാധരൻമാസ്റ്ററെ മന്ത്രി ആദരിച്ചു. എൻ.കെ. അക്ബർ എംഎൽഎ മുഖ്യാതിഥിയായി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, സി. മനോജ്, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, പിആർഒ വിമൽ ജി.നാഥ് എന്നിവർ പ്രസംഗിച്ചു. തുടർന്ന്പുരസ്കാരജേതാവ് കന്യാകുമാരി വയലിൻകച്ചേരി അവതരിപ്പിച്ചു.
നേരത്തെ ചെമ്പൈയുടെ വസതിയിൽനിന്ന് കൊണ്ടുവന്ന തംബുരു ആനയിച്ച് ചെമ്പൈ മണ്ഡപത്തിൽ സ്ഥാപിച്ചു. ഇന്നുരാവിലെ ഏഴിന് ക്ഷേത്ര ശ്രീകോവിലിൽനിന്നുള്ള ദീപം ചെമ്പൈമണ്ഡപത്തിലെ വിളക്കിൽ തെളിയുന്നതോടെ സംഗീതാർച്ചനകൾ ആരംഭിക്കും.