ഗുരുവായൂരിലെ മാലമോഷണങ്ങൾ ; പ്രതി അറസ്റ്റിൽ
1482860
Thursday, November 28, 2024 8:43 AM IST
ഗുരുവായൂർ: രണ്ടരമാസത്തിനിടെ നടന്ന മാലമോഷണക്കേസുകളിലെ പ്രതിയെ ഗുരുവായൂർ ടെന്പിൾ പോലീസും തൃശൂരിലെ എസ്പിയുടെ സ്ക്വാഡും ചേർന്നു അറസ്റ്റുചെയ്തു. മലപ്പുറം താനൂർ പുത്തൻതെരുവ് മൂർക്കാടൻ വീട്ടിൽ പ്രദീപി (കുരങ്ങു പ്രദീപ്- 45)നെയാണ് രാമനാട്ടുകരയിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 83 ഗ്രാം സ്വർണം കണ്ടെടുത്തു. ബാക്കിയുള്ള സ്വർണം വില്പന നടത്തിയ കേന്ദ്രങ്ങളിൽനിന്ന് കണ്ടെടുത്തു.
മുന്പ് കേസുകളിൽപ്പെട്ട് ജയിലിലായിരുന്ന ഇയാൾ ജയിലിൽനിന്ന് ഇറങ്ങിയശേഷം കഴിഞ്ഞ ഏഴുമാസമായി മാലമോഷണം നടത്തിവരികയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇരുപതോളം ഇയാൾക്കെതിരേ നിലവിലുണ്ട്. ഗുരുവായൂരിൽനിന്ന് മാല മോഷ്ടിച്ചശേഷം പ്രതി കോഴിക്കോട്, രാമനാട്ടുകര എന്നിവിടങ്ങളിൽ താമസിച്ച് സ്ത്രീകളുമൊത്ത് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു.
കഴിഞ്ഞയാഴ്ച ഗുരുവായൂർ തെക്കേനടയിൽ പുലിയശേരി സിന്ധുവിന്റെ അഞ്ചരപവൻ മാല മോഷ്ടിച്ചശേഷമാണ് അവസാനം കടന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുനടത്തിയ അന്വേഷണത്തിൽ പ്രതി ഗുരുവായൂരിൽനിന്നു മോഷ്ടിച്ചുകടത്തിയ ബൈക്കിനെക്കുറിച്ച് വിവരംലഭിച്ചത്. ഇതു പൊന്നാനിയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊന്നാനി പോലീസുമായി ചേർന്നുനടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കൂട്ടുപ്രതിയായ കോഴിക്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 13 ന് ഗുരുവായൂർ റെയിൽവേസ്റ്റേഷൻ പരിസരത്തെ കൈപ്പട ഉഷയുടെ രണ്ടുപവനും അന്നുതന്നെ ട്രെയിൻയാത്രക്കാരിയുടെ മൂന്നുപവനും കവർന്നിരുന്നു. രണ്ടു വീടുകളിൽ മോഷണശ്രമവും നടത്തി.
സെപ്റ്റംബർ 30ന് ഗുരുവായൂർ റെയിൽവേസ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽനിന്ന് യാത്രക്കാരിയുടെ ആറു പവൻ കവർന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഗുരുവായൂരിലെ അവസാന മാലമോഷണത്തിനുശേഷം കോഴിക്കോട് എത്തിയപ്രതി അവിടെയും മാല മോഷ്ടിച്ചു.
ഗുരുവായൂർ എസിപി കെ.എം. ബിജു, സ്പെഷൽ ബ്രാഞ്ച് എസിപി സുശീർകുമാർ, ഗുരുവായൂർ ടെന്പിൾ സിഐ അജയ്കുമാർ, എസ്ഐ കെ. ഗിരി എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ മോഷണസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പുനടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.