ലോ കോളജിൽ എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടി
1482585
Wednesday, November 27, 2024 8:21 AM IST
തൃശൂർ: ഗവ. ലോ കോളജിൽ എസ്എഫ് ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.ആറു കെഎസ്യു പ്രവർത്തകർക്കും നാല് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. കോളജിലെ അവസാനവർഷവിദ്യാർഥികളുടെ യാത്രയയപ്പു സമ്മേളനത്തിനിടെയാണ് ഏറ്റുമുട്ടൽ.
കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐ നേതാക്കൾ തകർത്തതു സംബന്ധിച്ച തർക്കമാണു സംഘട്ടനത്തിൽ കലാശിച്ചത്. സംഘർഷത്തെതുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ ഇൻ ചാർജ് സോണിയ ദാസ് അറിയിച്ചു. വിദ്യാർഥികൾ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞു നേർക്കുനേർ പോർവിളിച്ചു തമ്മിലടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. വിദ്യാർഥികളായ ചിലർതന്നെയാണു ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചത്.
കെഎസ്യു യൂണിയൻ ചെയർമാൻ വരുൺ ഗാരി, യൂണിറ്റ് പ്രസിഡന്റ് രുദ്രൻ, വൈസ് പ്രസിഡന്റ് ദീപക്, യൂണിറ്റ് അംഗം കിരൺദാസ്, കെഎസ്യു ജില്ലാ സെക്രട്ടറി അസ്ലം, കൊല്ലം ജില്ലാ സെക്രട്ടറി ബോബൻ എന്നിവർക്കും എസ്എഫ് ഐ പ്രവർത്തകരായ ഭവ്യത്ത്, എബിൻ, സഹീർ, അമർസായി എന്നിവർക്കാണ് പരിക്കേറ്റത്. കെഎസ്യു പ്രവർത്തകരെ ജില്ലാ സഹകരണ ആശുപത്രിയിലും എസ്എഫ്ഐ പ്രവർത്തകരെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊടിമരം തകർത്തതു സംബന്ധിച്ചു കെഎസ്യു പ്രവർത്തകർ കോളജ് അധികൃതർക്കു പരാതി നല്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എസ്എഫ്ഐ പ്രവർത്തകരാണ് ഇതിനു പിന്നിലെന്നു കണ്ടെത്തുകയും അധികൃതർ പോലീസിൽ പരാതി നൽകുകയും ചെയ്തു. കോളജ് അധികൃതർക്കു പരാതി നൽകിയതിന്റെ വൈരാഗ്യത്തിലായിരുന്നു ഇന്നലത്തെ ആക്രമണമെന്നു കെഎസ്യു പ്രവർത്തകർ ആരോപിച്ചു.
അവസാനവർഷ വിദ്യാർഥികളുടെ യാത്രയയപ്പുസമ്മേളന നടത്തിപ്പു പിടിച്ചെടുക്കാനുള്ള കെഎസ്യുവിന്റെ നീക്കമാണു സംഘർഷത്തിനു കാരണമായതെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സഖിൽദീപ് ആരോപിച്ചു.