കൊടുങ്ങല്ലൂർ മാർത്തോമാ തീർഥാടനം ഞായറാഴ്ച
1483111
Friday, November 29, 2024 8:12 AM IST
കൊടുങ്ങല്ലൂർ: മാർത്തോമാശ്ലീഹയുടെ ഭാരതപ്രവേശനത്തിന്റെ 1972-ാം വാർഷികത്തിന്റെയും യുവജനവർഷാചരണത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിലുള്ള കൊടുങ്ങല്ലൂർ മാർത്തോമാ തീർഥാടനം ഡിസംബർ ഒന്നിനു നടത്തുമെന്നു സംഘാടകസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാർത്തോമാശ്ലീഹ വന്നിറങ്ങിയ, കൊടുങ്ങല്ലൂർ അതിരൂപതയുടെ ആസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിലേക്കുള്ള പദയാത്രയിൽ ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളിൽനിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വിശ്വാസികളും സന്യസ്തരും വൈദികരും വൈദികവിദ്യാർഥികളുമടക്കം നാലായിരത്തോളം വിശ്വാസികൾ പങ്കെടുക്കും.
ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയത്തിൽനിന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ രാവിലെ 6.30 നും, മാള, പുത്തൻചിറ ഫൊറോന ദേവാലയങ്ങളിൽനിന്ന് രാവിലെ ഏഴിനും ആരംഭിക്കുന്ന തീർഥാടനപദയാത്രകൾ കൊടുങ്ങല്ലൂർ സെന്റ് മേരീസ് ദേവാലയത്തിലെ സാന്തോം നഗറിൽ 10.45ന് എത്തിച്ചേരും. തുടർന്നു മെത്രാനും ജനപ്രതിനിധികളും കൊടുങ്ങല്ലൂരിലെ മത സാംസ്കാരിക നേതാക്കളും കൽവിളക്ക് തെളിയിക്കും.
11ന് ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. കുർബാനയ്ക്കുശേഷം ആത്മീയ കലാവിരുന്നും സ്നേഹവിരുന്നും നടക്കും.
കൊടുങ്ങല്ലൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ വികാരി ഫാ. ജോയ് പെരേപ്പാടൻ, കൈക്കാരൻമാരായ തോമസ് ചാക്കോള, ലാലു ചെറിയാലത്ത്, വടക്കൻ വർഗീസ് എന്നിവർ പങ്കെടുത്തു.