മയക്കുമരുന്നുമായി യുവാവ് പിടിയിൽ
1482579
Wednesday, November 27, 2024 8:21 AM IST
ചാലക്കുടി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം 16 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. ഒളരി സ്വദേശിയും ആമ്പല്ലൂർ പുലക്കാട്ടുകരയിൽ താമസിക്കുന്ന പുത്തഞ്ചിറക്കാരൻ വീട്ടിൽ ഡെയ്സൺ തോമസ് (35) അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്.
ഡിവൈഎസ്പി കെ. സുമേഷ്, തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.ഉല്ലാസ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പോലീസും ചേർന്നാണ് ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രഫഷണൽ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു അറസ്റ്റിലായ ഡെയ്സൺ.
പിടിയിലായ ഡയ്സണ്‍ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും, വീടിനുമുന്നിലൂടെ സൈക്കിളിൽ യാത്ര ചെയ്തിരുന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസും പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൂട്ടായ കവർച്ചയ്ക്ക് ഒരുങ്ങവേ പിടിയിലായ കേസും നിലവിലുണ്ട്.
പ്രതിയെ പിടികൂടുവാനും മയക്കുമരുന്ന് കണ്ടെത്തുവാനും ചാലക്കുടി ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർ ഋഷി പ്രസാദ്, സബ് ഇൻസ്പെക്ടർമാരായ ജോഫി ജോസ്, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ വി .ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, കെ.കെ. വിശ്വനാഥൻ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, സി.ആർ. സുരേഷ് കുമാർ, കെ.ടി. ടെസി, പി.ഡി. പ്രദീപ്, ബിനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.
ഇയാളിൽ നിന്നും പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഏകദേശം അരലക്ഷത്തോളം രൂപ വിലവരും.