മുരിങ്ങൂർ അടിപ്പാത നിർമാണം: മീഡിയനിലെ തിട്ട പൊളിച്ച് മണ്ണുപരിശോധന നടത്തി
1482845
Thursday, November 28, 2024 8:43 AM IST
മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിലെ അടിപ്പാതനിർമാണം സങ്കീർണമാകുന്നു. ഇന്നലെ രാവിലെ പത്തരയോടെ മണ്ണുപരിശോധനയെന്ന പേരിൽ സിഗ്നലിന് അഭിമുഖമായി പ്രധാന പാതകളുടെ മധ്യഭാഗത്തു കുഴിയുണ്ടാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. വാഗ്വാദങ്ങളും പ്രതിഷേധങ്ങളും കടുത്തതോടെ കരാർജീവനക്കാർ ഉദ്യമത്തിൽനിന്നും പിൻമാറി.
തുടർന്ന് വൈകീട്ട് നാലുമണിയോടെ ഹൈവേ പ്രതിനിധികളും കരാർ ജീവനക്കാരും മേലൂർ പഞ്ചായത്ത് പ്രസിഡന്റുമായി നടത്തിയ ചർച്ചയിൽ പ്രധാന പാത പൊളിക്കാതെ മീഡിയനിലെ തിട്ട പൊളിച്ചുമാറ്റിയതിനു ശേഷം കുഴിയെടുത്ത് മണ്ണുപരിശോധന നടത്താനും തുടർന്ന് മണ്ണിട്ടുമൂടി ബാരിക്കേഡ് വച്ച് അടയ്ക്കാനും ധാരണയായി. ശേഷം മണ്ണുമാന്തിയന്ത്രമെത്തിച്ച് കുഴിയെടുക്കുകയായിരുന്നു.
പഞ്ചായത്ത് ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും ശക്തമായിത്തന്നെ നിലകൊണ്ടു. അടിപ്പാതനിർമാണത്തിനായി പ്രധാനപാത അടച്ചുകെട്ടുന്നതിനു മുമ്പ് ഇരുദിശകളിലേക്കുള്ള സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കണമെന്ന പൊതുവികാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടയെന്ന നിലപാടിലാണ് മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും മുരിങ്ങൂരിലെ വ്യാപാരിസമൂഹവും പ്രദേശവാസികളും.
കഴിഞ്ഞ ഒന്നരയാഴ്ചക്കുള്ളിൽ രണ്ടു വട്ടമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തൃശൂർ ഭാഗത്തേക്കുള്ള പ്രധാനപാത അടച്ചുകെട്ടാൻ ശ്രമം നടന്നത്. വാഹനങ്ങൾ വഴിതിരിച്ചു വിടാൻ നോക്കിയ സമയങ്ങളിലെല്ലാം മിനിട്ടുകൾക്കുള്ളിൽതന്നെ കിലോമീറ്ററുകളോളം രൂപപ്പെട്ട ഗതാഗതക്കുരുക്കുണ്ടായി. മുന്നൊരുക്കങ്ങളില്ലാതെയുള്ള ഹൈവേ നിർമാണം ജനരോഷത്തിനു കാരണമായി.