പ്രൗഢ്വോജ്വലമാക്കാൻ കൊരട്ടി മർച്ചന്റ്സ് അസോസിയേഷൻ
1460036
Wednesday, October 9, 2024 8:36 AM IST
കൊരട്ടി: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തയായ കൊരട്ടിമുത്തിയുടെ തിരുനാളിനു പ്രാരംഭം കുറിച്ച് ഇന്നു നടക്കുന്ന ടൗൺ കപ്പേള തിരുനാൾ പ്രൗഢ്വോജ്വലമാക്കാൻ കൊരട്ടി മർച്ചന്റ്സ് അസോസിയേഷൻ. സാമൂദായിക സഹവർത്തിത്വം കാത്ത്, ഒരുമയോടെയും ചിട്ടയോടെയും മതമൈത്രിയുടെ നല്ല പാഠവുമായാണ് പതിവുതെറ്റാതെ ഈവർഷവും ടൗൺ കപ്പേള തിരുനാൾ വ്യാപാരിസമൂഹം ഏറ്റെടുത്തു നടത്തുന്നത്. വിപുലമായ പരിപാടികളാണ് ഇന്നും നാളെയുമായി മർച്ചന്റ്സ് അസോസിയേഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ന് ഉച്ചതിരിഞ്ഞ് 3.45ന് ടൗൺ കപ്പേളയിൽനിന്ന് വ്യാപാരികൾ മുത്തിയുടെ നടയിലേക്കു ചെണ്ടമേളങ്ങളുടെ അകമ്പടികളോടെ പൂവൻകുല സമർപ്പണത്തിനായെത്തും. അസോസിയേഷന്റെ ജില്ലാ ഭാരവാഹികളും പൂവൻകുലസമർപ്പണത്തിൽ പങ്കാളികളാകും. ടൗൺ കപ്പേളയിൽ 5.30നു നടക്കുന്ന ദിവ്യബലിക്കുശേഷം കരിമരുന്നു പ്രയോഗം. തുടർന്ന് രാത്രി 10 വരെ സിആർപി ബാൻഡ് പാലക്കാട് നയിക്കുന്ന ബാൻഡ് മേളം ഉണ്ടായിരിക്കും.
നാളെ വൈകീട്ട് 6.30നു മദുരാകോട്സ് ഗ്രൗണ്ടിൽ മൂവാറ്റുപ്പുഴ ഏഞ്ചൽ വോയ്സിന്റെ ഗാനമേള, ലൈവ് മ്യൂസിക് ഫെസ്റ്റിവൽ ഒരുക്കിയിട്ടുള്ളതായി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, സെക്രട്ടറി പി.വി ഫ്രാൻസിസ്, ട്രഷറർ വി.പി. ജോർജ്, ജനറൽ കൺവീനർമാരായ വർഗീസ് പൈനാടത്ത്, എം.ഡി. പോൾ, ജോർജ് തോമസ് എന്നിവർ പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമുതൽ കൊരട്ടിയിലെ വ്യാപാരസ്ഥാപനങ്ങൾ മുടക്കമായിരിക്കും.