കൗണ്‍സിൽ യോഗത്തിൽ വിതുന്പിയും രോഷംപൂണ്ടും ഡെപ്യൂട്ടി മേയർ
1437873
Sunday, July 21, 2024 7:27 AM IST
തൃശൂർ: ഭരണമുന്നണിക്കെതിരെ പരസ്യമായി അതൃപ്തി അറിയിച്ചും കൗണ്‍സിൽ യോഗത്തിൽ വിതുന്പിയും ഡെപ്യൂട്ടി മേയർ എം.എൽ. റോസി. കോർപറേഷൻ ഭരണമെന്നത് നാലുപേർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും താൻ കോർപറേഷനിലെ മുതിർന്ന അംഗമാണെന്നും റോസി പറഞ്ഞു. കോർപറേഷനിലെ ഭരണപ്രധാനമായ കാര്യങ്ങളിൽപ്പോലും തനിക്ക് സംസാരിക്കാൻ അനുവാദമില്ല.
വെറുതെ പേന പിടിക്കാൻ മാത്രമാണ് വിധി. അതിനാൽ തന്നെ ഇപ്പോൾ യോഗങ്ങളിൽ പോകാറില്ല. മേയറുടെ റഷ്യൻ പര്യടനംപോലും താനോ, ഭരണമുന്നണിയിലെ കൗണ്‍സിലർമാരോ അറിഞ്ഞില്ല. മനസു വേദനിച്ചാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും തെറ്റിനെ തെറ്റാണെന്ന് പറയുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
ആറു മിനിറ്റോളം നീണ്ട പ്രസംഗത്തിൽ മുഴുവനും ഭരണമുന്നണിക്കെതിരെയുള്ള രൂക്ഷ വിമർശനമാണ് റോസി ഉയർത്തിയത്. മേശയിൽ തുടരെ കൈകൊണ്ടടിച്ച് അവർ തന്റെ വിഷമവും രോഷവും പ്രകടമാക്കി.
റോസിയുടെ തുറന്നുപറച്ചിൽ പ്രതിപക്ഷ കൗണ്‍സിലർമാരും ബിജെപി കൗണ്‍സിലർമാരും എഴുന്നേറ്റുനിന്ന് കൈയടിച്ച് സ്വീകരിച്ചു. റഷ്യൻപര്യടനത്തിൽ ഡെപ്യൂട്ടി മേയറെ കൊണ്ടുപോകാത്തത് ഭംഗികുറവു കൊണ്ടാണെന്ന പ്രതിപക്ഷ കൗണ്‍സിലർ ജയപ്രകാശ് പൂവത്തിങ്കല്ലിന്റെ പ്രസ്താവനയെ ഭരണപ്രതിപക്ഷ മുന്നണികൾ ഒരുപോലെ എതിർത്തു. ഇതിനുശേഷം സംസാരിക്കവേയാണ് ഡെപ്യൂട്ടി മേയർ ഭരണമുന്നണിക്കെതിരെതന്നെ ശബ്ദമുയർത്തിയത്. ഡെപ്യൂട്ടി മേയറെ അറിയിക്കാതിരുന്നതിൽ തെറ്റുപറ്റിയെന്ന് എൽഡിഎഫിന്റെ മുതിർന്ന നേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വർഗീസ് കണ്ടംകുളത്തി അഭിപ്രായപ്പെട്ടു. തെറ്റുപറ്റിയാൽ അതു തെറ്റാണെന്ന് പറയാനും തിരുത്താനും പാർട്ടിക്ക് അറിയാമെന്നും അദേഹം കൂട്ടിച്ചേർത്തു.
സിപിഐ പിന്തുണയില്ലാതെ കൗണ്‍സിൽ യോഗം ചേരാൻ കഴിയില്ലെന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഭരണമുന്നണിക്കെതിരെ ശബ്ദമുയർത്താനായിരുന്നു പ്രതിപക്ഷ ശ്രമമെങ്കിലും സിപിഐ കൗണ്‍സിലർമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർച്ചയായി കൗണ്‍സിൽ യോഗം ചേരാതെ ഭരണസ്തംഭനം ഉണ്ടാക്കിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലർമാർ കറുപ്പ് മേൽക്കുപ്പായം ധരിച്ചാണ് യോഗത്തിൽ പങ്കെടുത്തത്.
സുരേഷ്ഗോപിയുടെ വിജയത്തെച്ചൊല്ലി ഇടതുവലുത് മുന്നണികൾ കൊന്പുകോർത്തപ്പോൾ കൂടുതലൊന്നും പറയാത്തത് ഇന്നോ നാളെയോ നിങ്ങൾ ബിജെപിക്ക് കൂടെ വരുമെന്നുള്ളതിനാലാണെന്നും, മേയർക്ക് മാത്രമല്ല എല്ലാവർക്കും പാർട്ടിയിലേക്ക് വരാമെന്നും ബിജെപി കൗണ്‍സിലർ ആതിര തുറന്നടിച്ചു.
പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ തടസംനേരിടേണ്ടി വന്ന മുഴുവൻ പ്രവർത്തനങ്ങൾക്കും അനുമതി നൽകിയതായി മേയർ എം.കെ. വർഗീസ് അറിയിച്ചു. പഞ്ചിക്കൽ തോട്ടിലെ ശുചീകരണ വിഷയത്തിൽ കെഎൽഡിസിയെ ബന്ധപ്പെട്ടിട്ടുണ്ട്. എലൈറ്റ് മുതൽ കുറുപ്പം റോഡ് വരെയുള്ള ഭാഗത്തെ റോഡുകളുടെ ടെൻഡർ കഴിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം പണിപൂർത്തീകരിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
പറയാനുള്ളത് മുഖത്തുനോക്കി പറയും, ആരെയും പേടിയില്ല: എം.എൽ. റോസി
തൃശൂർ: പറയാനുള്ളത് പറയും.. മുഖത്തുനോക്കിപ്പറയും. അതിന് ആരെയും പേടിയില്ല. കോർപറേഷൻ കൗണ്‍സിൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് ഡെപ്യൂട്ടി മേയർ എം.എൽ. റോസി. കോർപറേഷനിൽ നടക്കുന്നത് ഒറ്റയ്ക്കുള്ള പ്രവർത്തനങ്ങളല്ല. കൂട്ടായപ്രവർത്തനങ്ങളാണ്. അതിനെ അങ്ങനെത്തന്നെവേണം പറയാൻ.
അതല്ലാതെ സ്വന്തം പേരിലാക്കാൻ ശ്രമിക്കരുത്. മേയർക്കു ശേഷം പിന്നെയുള്ള സ്ഥാനം ഡെപ്യൂട്ടി മേയർക്കാണ്. മേയറുടെ അഭാവത്തിൽ ജനങ്ങൾ ചോദ്യംചോദിക്കുക ഡെപ്യൂട്ടി മേയറോടാണ്. റഷ്യൻ പര്യടനം അറിയിക്കാതെ മേയറും സംഘവും പോയത് ശരിയയായ നടപടിയല്ല. അത് എവിടെയും പറയാൻ തനിക്ക് മടിയില്ല. അത് ഭരണമുന്നണിയുമായുള്ള അടിയുണ്ടാക്കലല്ല. യുദ്ധമല്ല നടക്കുന്നത് യാഥാർഥ്യം പറഞ്ഞതാണ്.
തെറ്റിനെ തെറ്റെന്നു പറഞ്ഞതിന്റെ പേരിൽ രാജിവയ്ക്കാൻ ഉദ്ദേശമില്ല. തന്നെ തെരഞ്ഞെടുത്തവരോട് ചെയ്തുതീർക്കേണ്ട കടമകളുണ്ട്. കാലാവധി തീരുംവരെ ഡെപ്യൂട്ടിമേയറായി തുടരും - റോസി പറഞ്ഞു.
തനിക്ക് ആകാരഭംഗിയില്ലാത്തതിനാലാണ് റഷ്യൻ യാത്രയ്ക്ക് കൊണ്ടുപോകാതിരുന്നതെന്ന് കൗണ്‍സിൽ യോഗത്തിൽ ആരോപിച്ച പ്രതിപക്ഷ കൗണ്‍സിലർ ജയപ്രകാശ് പൂവത്തിങ്കലിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച എം.എൽ. റോസി, രൂപഭംഗിയില്ല മനസിന്റെ ഭംഗിയാണ് വലുതെന്നും അഭിപ്രായപ്പെട്ടു.