ഡേവിസ് മൂക്കൻ അന്തരിച്ചു
1423132
Friday, May 17, 2024 11:02 PM IST
തൃശൂര്‍: കേരള ഫുട്ബോള്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് തൃശൂര്‍ ചിയ്യാരം വാകയില്‍ റോഡില്‍ ഡേവിസ് മൂക്കന് (65) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. കായിക കലാ സാംസ്കാരിക രാഷ്ട്രീയമേഖലയിലെ നിരവധിപേര്‍ വസതിയിലും തൃശൂര്‍ വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സ്വര്‍ണാഭരണനിര്‍മാണ വ്യവസായിയും ഇന്റീരിയര്‍, സ്പോര്‍ട്സ് ഉപകരണങ്ങളുടെ വില്പനശാല ഉടമയുമാണ്. സ്കൂള്‍പഠനകാലംമുതല്‍ ഫുട്ബോള്‍ കളിയില്‍ സജീവമായിരുന്ന ഡേവിസ് സംസ്ഥാന സ്കൂള്‍ ടീം അംഗമായിരുന്നു.
കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ഇ.കെ. നായനാര്‍ സ്മാരക അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിനു 101 പവന്റെ ട്രോഫി നിര്‍മിച്ചുനല്‍കിയതു ഡേവിസ് മൂക്കനാണ്. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറികൂടിയായ ഡേവിസ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും ഒളിമ്പിക് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റുമാണ്. എഫ്സി കേരള ഉള്‍പ്പെടെ നിരവധി ഫുട്ബോള്‍ ക്ലബ്ബുകളുടെ ഭരണസമിതി അംഗമാണ്.
മൃതദേഹം ഉച്ചയ്ക്കു സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. മന്ത്രിമാരായ ഡോ. ആര്. ബിന്ദു, കെ. രാജന്, സേവ്യര്‍ ചിറ്റിപ്പിള്ളി എംഎല്‍എ, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, ഐ.എം വിജയന്, വിക്ടര്‍ മഞ്ഞില, ഡിഎഫ്എ പ്രസിഡന്റ് സി. സുമേഷ് തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിനു കൈമാറി. ഭാര്യ: ടെസി. മക്കള്‍: ശീതള്‍ ഡേവിസ്, ആസാദ് ഡേവിസ്. മരുമകന്: ഷാലു മാത്യു.