സ്കൂള്‍ പാചകത്തൊഴിലാളികള്‍ യാചനാസമരത്തിന്
1374336
Wednesday, November 29, 2023 2:36 AM IST
തൃശൂർ: കഴിഞ്ഞ നാലു വർഷമായി സ്കൂൾ പാചകത്തൊഴിലാളികൾക്കു വേതനം വർധിപ്പിക്കാന്‍ തയാറാകാത്ത സര്‍ക്കാർനയത്തിനെതിരെ ഡിസംബർ 23നു പ്രതീകാത്മക യാചനാസമരം നടത്താൻ ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു.
ബൾക്കീസ് ബാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോസി റപ്പായി അധ്യക്ഷത വഹിച്ചു. സ്കൂൾ പാചകത്തൊഴിലാളികളെ പാർട്ട് ടൈം കണ്ടിജൻസി തൊഴിലാളികളായി അംഗീകരിക്കണമെന്നും മിനിമം വേതനം 900 രൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യാചനയിലൂടെ ശേഖരിക്കുന്ന പണം ഉപയോഗിച്ച് നഗരസഭാ പരിസരത്തു കഞ്ഞിവച്ചു കുടിക്കും.
ബാക്കിവരുന്ന തുക പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മണി ഓർഡറായി അയച്ചുകൊടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ്, പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൽ, ഓമന ശിവൻ, പി.എം. ഷംസുദീൻ, വർഗീസ് പാലുവായ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്. ജോഷി, വിദ്യാ നന്ദിനി, ഷീന ബാബു എന്നിവരെ കൂടി ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.