താമരവെള്ളച്ചാലിൽ കാട്ടാന ഇറങ്ങി പാവൽ കൃഷി നശിപ്പിച്ചു
1337100
Thursday, September 21, 2023 1:12 AM IST
പീച്ചി: താമരവെള്ളച്ചാലിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇരട്ടക്കുളം വേലായുധന്റെ ഒരേക്കർ സ്ഥലത്തെ പാവൽ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. രണ്ടരലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്ന 300 കട പാവലാണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി നശിപ്പിച്ചത്.
ഈ വർഷം കൃത്യസമയത്ത് മഴ ലഭിക്കാത്തത് മൂലം പച്ചക്കറി കൃഷി ചെയ്യുന്ന പ്രദേശത്തെ കർഷകർ ഏറെ ആശങ്കയിലായിരുന്നതായി വാർഡ് മെമ്പർ അജിത മോഹൻദാസ് പറഞ്ഞു. അതോടൊപ്പം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയത് കർഷകരെ ഏറെ ഭീതിയിലാക്കിയിട്ടുണ്ട്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വാർഡ് വികസന സമിതി കൺവീനർ ബിജുമോൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി വാർഡ് മെമ്പർ പറഞ്ഞു.