പു​റം​ലോ​ക​ത്തെ​ത്താ​ന്‍ ആ​ദി​വാ​സി​ക​ളു​ടെ സാ​ഹ​സി​ക യാ​ത്ര
Thursday, August 1, 2024 5:39 AM IST
എ​ട​ക്ക​ര: ചാ​ലി​യാ​ര്‍ ക​ലി​തു​ള്ളി​യൊ​ഴു​കു​മ്പോ​ഴും തെ​ല്ലും ഭ​യ​മി​ല്ലാ​തെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്കാ​യി പു​റം​ലോ​ക​ത്തെ​ത്താ​ന്‍ ആ​ദി​വാ​സി​ക​ളു​ടെ പാ​ണ്ടി​യാ​ത്ര. ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ വാ​ണി​യം​പു​ഴ ക​ട​വി​ലാ​ണ് വാ​ണി​യം​പു​ഴ, കു​മ്പ​ള​പ്പാ​റ ഊ​രു​ക​ളി​ലെ ആ​ദി​വാ​സി​ക​ള്‍ മു​ള​ക​ള്‍​കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ പാ​ണ്ടി​യി​ല്‍ അ​തി​സാ​ഹ​സി​ക​മാ​യി ചാ​ലി​യാ​ര്‍ പു​ഴ മു​റി​ച്ചു​ക​ട​ന്ന​ത്.

മു​ണ്ട​രി ത​മ്പു​രാ​ട്ടി​ക്ക​ല്ലി​ലെ ക​ട​ക​ളി​ലെ​ത്തി അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും അ​ട​യ്ക്ക, പു​ക​യി​ല, വെ​റ്റി​ല തു​ട​ങ്ങി​യ​വ​യും വാ​ങ്ങാ​നാ​ണ് ഇ​വ​രു​ടെ സാ​ഹ​സി​ക യാ​ത്ര. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​യി​രു​ന്നി​ല്ല.


ഇ​ന്ന​ലെ പു​ഴ​യി​ല്‍ വെ​ള്ളം താ​ഴ്ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണി​വ​ര്‍ പാ​ണ്ടി​യി​ല്‍ ചാ​ലി​യ​റി​ന്‍റെ ഇ​ക്ക​രെ​യ​ത്തി​യ​ത്. കു​മ്പ​ള​പ്പാ​റ ഊ​രു​മൂ​പ്പ​ന്‍ ചാ​ത്ത​ന്‍, ദേ​വ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​ന്ന​ലെ ചാ​ലി​യാ​ര്‍ ക​ട​ന്ന​ത്.