മഞ്ചേരി മെഡിക്കല്‍ കോളജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചു
1451573
Sunday, September 8, 2024 5:17 AM IST
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷീനാലാല്‍ താലൂക്ക് വികസന സമിതിയെ അറിയിച്ചു. വൈകിട്ട് നാല് മണി വരെ നടന്നിരുന്ന പോസ്റ്റ്മോര്‍ട്ടം ഇനി മുതല്‍ രാത്രി എട്ട് വരെ നടക്കും.
സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരമാണിത്. കൊലപാതകം, പീഡനത്തെ തുടര്‍ന്നുള്ള മരണം, വിഷബാധയേറ്റ് മരിച്ചവര്‍, സംശയാസ്പദമായ സാഹചര്യത്തില്‍ ലഭിക്കുന്ന മൃതദേഹം എന്നിവ ഒഴിച്ചുള്ള മൃതദേഹങ്ങളാകും ഇത്തരത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുക.
മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സാഹചര്യത്തില്‍ 108 ആംബുലന്‍സിന്റെ സേവനം സൂപ്രണ്ടിന്റെ അനുമതിയോടുകൂടി മാത്രമേ ലഭ്യമാകുയെന്നും അവര്‍ പറഞ്ഞു.യോഗത്തിൽ പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍ എം. മുകുന്ദന്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി. രാധാകൃഷ്ണന്, ടി. പി. വിജയകുമാര്‍, ഒ. ജെ. സജി, പുലിയോടന്‍ മുഹമ്മദ്, കെ.പി. എ നസീര്‍, കെ.എം. ജോസ്, കെ.ടി. ജോണി എന്നിവര്‍ സംസാരിച്ചു.