നവീകരിച്ച കൊണ്ടോട്ടി-എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം ഒന്‍പതിന്
1451562
Sunday, September 8, 2024 5:08 AM IST
മലപ്പുറം: കിഫ്ബി ഫണ്ടില്‍ നിന്ന് 80.58 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം ഒന്‍പതിന് വൈകുന്നേരം 5.30ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
എടവണ്ണപ്പാറ അങ്ങാടി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ടി.വി. ഇബ്രാഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി, പി. കെ. ബഷീര്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയിലെ കൊണ്ടോട്ടി, ഏറനാട് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡിന് ആകെ 21 കിലോമീറ്റര്‍ നീളമുണ്ട്.
13.60 മീറ്റര്‍ വീതിയിലാണ് നവീകരണം. കയറ്റിറക്കങ്ങള്‍ ക്രമീകരിച്ച് 10 മീറ്റര്‍ വീതിയില്‍ ബിഎംബിസി ചെയ്യുകയും ഇരുവശങ്ങളിലും ഡ്രൈനേജ്, കലുങ്ക്, കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി, ബസ് ബേ, നടപ്പാത, കെര്‍ബ്, ഹാന്‍ഡ് റെയില്‍, സൈന്‍ ബോര്‍ഡ് തുടങ്ങിയവ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.
വീതി കുറവുള്ള മുണ്ടക്കുളം, മുതുവല്ലൂര്‍, ഓമാനൂര്‍, പൊന്നാട്, എടവണ്ണപ്പാറ, വാവൂര് എന്നീ ആറ് ജംഗ്ഷനുകളുടെ നവീകരണവും പൂങ്കുടി പാലം വികസനവുമാണ് രണ്ടാംഘട്ടത്തില്‍ അവശേഷിക്കുന്നത്. ജംഗ്ഷനുകളുടെ നവീകരണത്തിന് ആകെ 1.31 കിലോ മീറ്റര്‍ നീളത്തില്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.