പോലീസ് സ്റ്റേഷനിലേക്ക് വാഴയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
1451345
Saturday, September 7, 2024 5:02 AM IST
വണ്ടൂര്‍: വണ്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വാഴയുമായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ആഭ്യന്തര വകുപ്പ് മന്ത്രി പടുവാഴ എന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വണ്ടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. കെപിസിസി അംഗം കെ. ടി. അജ്മല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് പ്രവര്‍ത്തകര്‍ കൈയില്‍ വാഴകളുമായി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് സ്റ്റേഷന് അകത്തേക്ക് വാഴകളുമായി പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ മഞ്ചേരി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ബസിനു മുന്നില്‍ വാഴ വച്ചുകെട്ടി.
തുടര്‍ന്നു നടന്ന പ്രതിഷേധയോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് അറക്കല്‍ സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. പി. ഷിജിമോള്‍, ബിജേഷ് നേച്ചിക്കോടന്, പി. നിസാം, സി. സുഹൈല്‍, എം. ലിജേഷ്, കെ. ജംഷീര്‍, ഇ.കെ. അഫ്ലഹ്, സി. സുഹൈല്‍, ഒ.പി നവാഫ്, റഹീം മൂര്ക്കന്, എന്‍. റിഷാദ്, പി. സൈഫുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടക്കര: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരേ എടക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തിയത്.
ഇന്ദിരഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്തു നടന്ന പരിപാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ കാട്ടിപ്പടി അധ്യക്ഷത വഹിച്ചു. രാജീവ് മാടാരി, കെ.സി. ഷാഹുല്‍ ഹമീദ്, റിയാസ് എടക്കര, ഫൈസല്‍ മെസി, ഇഖ്ബാല്‍ കാരക്കുന്നന്, വിഷ്ണു, ഷാഫി എന്നിവര്‍ പ്രസംഗിച്ചു.