കാളികാവ് പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി
1451354
Saturday, September 7, 2024 5:02 AM IST
കാളികാവ്: പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം കാളികാവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പുണ്ടായിട്ടും പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി ഇ-ടെന്‍ഡര്‍ സംവിധാനത്തെ അട്ടിമറിച്ചു, പകരം അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ പ്രവൃത്തി നടത്താന്‍ അനുമതി നല്കി.
ഈ സാമ്പത്തിക വര്‍ഷം മാത്രം 46 പദ്ധതികളില്‍ 74 പ്രവൃത്തികള്‍ക്കായി 3.82 കോടി രൂപയുടെ കരാര്‍ ഈ സ്വകാര്യ ഏജന്‍സിക്ക് നല്കി. ഇതിലൂടെ ഒരു കോടി രൂപയോളം രൂപ പഞ്ചായത്തിന് നഷ്ടമുണ്ടായി എന്നാണ് പ്രധാന ആരോപണം.
മലയോര ഹൈവേയിലെ നിര്‍മാണത്തിന് വീതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കായില്ല. ഇത് സംസ്ഥാന പാതയുടെ വീതി കുറയുന്നതിന് കാരണമായി. പൊതുജനക്ഷേമ പദ്ധതികളില്‍ ഭരണസമിതി വിമുഖത കാണിക്കുന്നു എന്നിവയും ഉന്നയിച്ചായിരുന്നു മാർച്ച്.
സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം എന്‍. എം. ഷഫീഖ്, പഞ്ചായത്ത് അംഗം പി. സുഫിയാന്, ലോക്കല്‍ സെക്രട്ടറി ഫൈസല്‍ കൊല്ലാരന്‍, പി. റിയാസ് എന്നിവര്‍ പ്രസംഗിച്ചു.