സമരം ചെയ്ത സ്ത്രീകളോട് മോശമായി പെരുമാറിയതായി പരാതി
1451572
Sunday, September 8, 2024 5:17 AM IST
വണ്ടൂർ: വണ്ടൂർ അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഔട്ട്ലെറ്റിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയ സ്ത്രീകളോട് ഒരു സംഘം കാറിലെത്തി അപമര്യാദയായി പെരുമാറിയെന്ന് പരാതി.
ഇതുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി ഭാരവാഹികൾ വണ്ടൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടയിലാണ് കഴിഞ്ഞ ദിവസം കാറിലെത്തിയ ഒരു സംഘംയുവാക്കൾ സമരപ്പന്തിലെ സ്ത്രീകളോട് മോശമായി പെരുമാറിയത്.
അവിടെയുണ്ടായിരുന്ന പോലീസുകാർ ഇവരെ താക്കീത് ചെയ്തെങ്കിലും, സംഘം പിന്നീട് പലതവണ സമാന രീതിയിൽ ഉപദ്രവം നടത്തിയതായും പരാതിയിൽ ഉണ്ട്. സ്ത്രീകൾ അടക്കം വണ്ടൂർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.