തേഞ്ഞിപ്പലം സെന്റ്മേരീസ് പള്ളിയിൽ മാതാവിന്റെ എട്ടുനോമ്പാചരണം സമാപിച്ചു
1451972
Monday, September 9, 2024 8:06 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ്മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാൾ സമുചിതമായി ആഘോഷിച്ചു. തിരുനാൾ ഒരുക്കമായി എട്ടുനോമ്പാചരണവും നടത്തി. ഇതിനോടനുബന്ധിച്ച് മാതൃവേദി സംഘടനയുടെ ആഭിമുഖ്യത്തിൽ മാതൃദിനവും ആഘോഷിച്ചു. തിരുനാൾ തിരുകർമങ്ങൾക്ക് കൂമ്പാറ ആശ്രമത്തിൽ നിന്നുള്ള ഫാ. ജോസഫ് തെക്കുമറ്റത്തിൽ ഒസിഡി കാർമികത്വം വഹിച്ചു. ഇടവകയിലെ ഏറ്റവും മുതിർന്ന സ്ത്രീയായ കത്രീന മാണിക്കത്തുകുന്നേലിനെ പള്ളി വികാരി ഫാ. ഏബ്രാഹം സ്രാമ്പിക്കൽ പൊന്നാട അണിയിച്ച് ആദരിച്ചു.
മാതൃവേദി അംഗങ്ങളുടെ നേതൃത്വത്തിൽ മാതാവിന്റെ ജനനതിരുനാളുമായി ബന്ധപ്പെട്ട സ്കിറ്റും അവതരിപ്പിച്ചു. പരിപാടിയ്ക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുനാൾ ആഘോഷങ്ങൾക്ക് കൈക്കാരന്മാരായ തോമസ് മാളിയേക്കൽ, വിത്സൻ കാലായിൽ , സാബിൻ ഉറുമ്പിൽ, ഡാന്റിസ് മാണിക്കത്താഴെ, മാതൃവേദി അനിമേറ്റർ സിസ്റ്റർ പ്രീത സിഎംസി, മാതൃവേദി പ്രസിഡന്റ് ഏലമ്മ കിഴക്കേവെളിയിൽ എന്നിവർ നേതൃത്വം നൽകി.