പുഴയിൽ കോഴി മാലിന്യം തള്ളിയ സംഭവം; ചോക്കാട് പഞ്ചായത്ത് പരാതി നൽകി
1451054
Friday, September 6, 2024 5:07 AM IST
കാളികാവ്: പുഴയിൽ കോഴി മാലിന്യം തള്ളിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി. സാമൂഹ്യ വിരുദ്ധർ വലിയ തോതിൽ പുഴയോരത്ത് തള്ളിയ മാലിന്യം പഞ്ചായത്ത് അധികൃതർ ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടി.
ചോക്കാട് പഞ്ചായത്തിന്റെയും അമരമ്പലം പഞ്ചായത്തിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന കോട്ടപ്പുഴയിലാണ് വലിയതോതിൽ കോഴിമാലിന്യം തള്ളിയത്. 500ൽ അധികം കോഴികളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. നിരവധി പേർ ശുദ്ധജലത്തിനായി ഉപയോഗിക്കുന്ന പുഴയിൽ നിരവധി കുടിവെള്ള പദ്ധതികളും ഉണ്ട്.
ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ. പി. സിറാജുദ്ദീൻ, വാർഡ് മെമ്പർ കെ. ടി. സലീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അറക്കൽ സക്കീർ ഹുസൈൻ, പഞ്ചായത്ത് ജീവനക്കാരനായ ജോമോൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
കാളികാവ് എസ്ഐ സി.സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ പോലീസും സംഭവസ്ഥലം പരിശോധിച്ചു. ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.