പാലുണ്ട-മുണ്ടേരി റൂട്ടില്‍ പാതിരിപ്പാടത്ത് കലുങ്ക് തകര്‍ന്നുവീണു
1451053
Friday, September 6, 2024 5:07 AM IST
എടക്കര: മലയോര പാതയുടെ ഭാഗമായ പാലുണ്ട-മുണ്ടേരി റൂട്ടില്‍ പാതിരിപ്പാടത്ത് കലുങ്ക് തകര്‍ന്നുവീണു. ഈ റൂട്ടിലൂടെയുള്ള ഗതാഗതം പാടെ തടസപ്പെട്ടു. പാതിരിപ്പാടം അങ്ങാടിക്കും പാണ്ടിപ്പുഴ പാലത്തിനുമിടയിലുള്ള കലുങ്കാണ് ഇന്നലെ തകര്‍ന്ന് വീണത്. കലുങ്ക് തകര്‍ന്ന സമയത്ത് വാഹനങ്ങള്‍ കടന്നുപോകതിരുന്നതിനാല് വന്‍ അപകടം ഒഴിവായി.
ഇതോടെ പാലുണ്ട-മുണ്ടേരി റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു. അന്‍പതിലധികം സ്വകാര്യ ബസുകളും സ്കൂള്‍ ബസുകളും അടക്കം നൂറ് കണക്കിന് വാഹനങ്ങളും നിത്യേന കടന്നുപോകുന്ന റൂട്ടാണിത്. 40 വര്‍ഷം മുന്‍പ് നിര്‍മിച്ച കലുങ്ക് കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. അപകട മുന്നറിയിപ്പ് കാണിച്ചും കലുങ്ക് പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ടും നിരവധി തവണ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ യാതൊരു നടപടിമുണ്ടായില്ല. സംരക്ഷണഭിത്തിയടക്കമാണ് കലുങ്ക് പാടെ തകര്‍ന്നിരിക്കുന്നത്.
വിവരമറിഞ്ഞെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യേഗസ്ഥര്‍ റിബണ്‍ കെട്ടി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ചുങ്കത്തറയില്‍ നിന്ന് പോത്തുകല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പൂക്കോട്ടുമണ്ണ സുല്‍ത്താന്‍പടി വഴിയും എടക്കരയില്‍ നിന്നുള്ള വാഹനങ്ങള്‍ നല്ലംതണ്ണി മണക്കാട് വഴിയോ കൗക്കാട് വഴിയോ യാത്ര ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.